malayinkil-hospital

മലയിൻകീഴ്: മണിയറവിള താലൂക്ക് ആശുപത്രിയിൽ നിന്ന് ലേലത്തിന് പിടിച്ച പഴയ സാധനങ്ങളുമായി പൊയ ലോറി നാട്ടുകാരും കോൺഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞു. ബുധനാഴ്ച രാത്രി ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ ഇരുമ്പ് ഗ്രില്ല്,​ തടി,​ ഉപകരണങ്ങൾ എന്നിവ അടക്കമുള്ള സാധനങ്ങൾ കയറ്റിയ ലോറിയാണ് തടഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നാല് ലോഡ് സാധനങ്ങൾ നീക്കം ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിൽ അവസാനത്തെ ലോഡാണ് രാത്രി തടഞ്ഞിട്ടത്. സ്ഥലത്തെ ലോഡിംഗ് തൊഴിലാളികളും പ്രതിഷേധവുമായെത്തിയിരുന്നു. ലേലം ചെയ്ത് നൽകിയ സാധനങ്ങൾ നീക്കം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ നോട്ടീസ് ലോറി തൊഴിലാളികൾ പൊലീസിന് നൽകി. എന്നാൽ ലേല അറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. മലയിൻകീഴ് എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് നാട്ടുകാരുടെ ആവശ്യമനുസരിച്ച് സാധനങ്ങൾ കയറ്റിയ വാഹനം ആശുപത്രി കോമ്പൗണ്ടിലിട്ടു. ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ചർച്ചയ്ക്ക് ശേഷം സാധനങ്ങൾ നീക്കം ചെയ്യും. ലേലം ചെയ്ത സാധനങ്ങൾ അഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് അറിയിച്ചിരുന്നതായും രാത്രി സാധനങ്ങൾ നീക്കം ചെയ്യാനെത്തിയത് നാട്ടുകാരിൽ സംശയത്തിന് കാരണ മെന്നും സൂപ്രണ്ട് ഡോ. ബിനോയ് പറഞ്ഞു. പഴകിയ സാധനങ്ങൾ സ്ഥലസൗകര്യത്തിനായി എച്ച്.എം.സിയുടെ നിർദ്ദേശമനുസരിച്ചാണ് 7500 രൂപയ്ക്ക് ലേലം ചെയ്ത് നൽകിയതെന്നും സൂപ്രണ്ട് പറഞ്ഞു.