deputy

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികൾ മറ്റു പഞ്ചായത്തുകൾ മാതൃകയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യ ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ അതി നൂതന പദ്ധതികൾ തയ്യാറാക്കുന്നതു കൊണ്ടാണ് ആരോഗ്യ കേരളം പുരസ്ക്കാരം നേടാൻ സാധിച്ചത്. കഴിഞ്ഞവർഷം നടപ്പിലാക്കിയ സുരക്ഷ സമഗ്രമാനസികാരോഗ്യ പരിപാടി എടുത്തു പറയേണ്ട പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാളന്റിയേഴ്സിനുള്ള ഉപകരണ വിതരണം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗവും ഐഡന്റിറ്റി കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകണ്ഠൻ നായരും ലോഗോ പ്രകാശനം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീനയും നിർവഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ചിറയിൻകീഴ്‌ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്.മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വേണു ജി, എ.അൻസാർ, ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻമാരായ അഡ്വ.ഫിറോസ് ലാൽ, സി.പി.സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്.സിന്ധു, സന്ധ്യ സുജയ്, സിന്ധുകുമാരി,ഗീത സുരേഷ്, ഗ്രാമ പഞ്ചായത്തംഗം ആർ.കെ.രാധാമണി, പഞ്ചമം സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ്, ഡോ. ഷ്യാംജി വോയ്സ്, ഡോ.രാമകൃഷ്ണ ബാബു, ഡോ .ലക്ഷ്മി, ജോയിന്റ് ബി.ഡി.ഒ എസ്.ആർ.രാജീവ്, കോർഡിനേറ്റർ ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രമാഭായിയമ്മ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് നന്ദിയും പറഞ്ഞു.

ജീവിത ശൈലീ രോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി ചികിത്സയ്ക്കു വിധേയമാക്കുകയാണ് ആരോഗ്യ ഭവനം പദ്ധതിയുടെ ലക്ഷ്യം.