പാലോട് : വർഷങ്ങളുടെ കാത്തിരിപ്പിനും സ്വപ്നങ്ങൾക്കും വിരാമമിട്ട് ചെല്ലഞ്ചിപ്പാലം യാഥാർത്ഥ്യമാകുന്നു. വാമനപുരം നദിക്ക് കുറുകെ ചെല്ലഞ്ചിപ്പാലം വർക്കല - പൊന്മുടി വിനോദസഞ്ചാര മേഖലകൾക്കും പുത്തനുണർവേകും. പുതുവർഷാരംഭത്തിൽ പാലം പൊതുജനങ്ങൾക്കായി തുറക്കും. ഇക്കോടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താനും മലയോര കാർഷിക വിപണിയുടെ പുരോഗതിക്കും പാലം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിലാണ് പാലം കര തൊടുന്നത്.
പാലത്തിനായി മുറവിളി കൂട്ടുകയും അപ്രോച്ച് റോഡിനായി കൃഷിഭൂമി വിട്ടുകൊടുക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കോർപറേഷനും നബാർഡും കാലുമാറിയതാണ് നിർമ്മാണത്തിന് തിരിച്ചടിയായത്. തുടർന്ന് കരാറെടുത്ത കോൺട്രാക്‌ടർ എസ്റ്റിമേറ്റ് തുക ഉയർത്തണമെന്നാവശ്യപ്പെട്ട് ഇടഞ്ഞതോടെ ഇയാളെ ടെർമിനേറ്റ് ചെയ്തു. പകരം പുതിയ കരാർ നൽകിയപ്പോഴേയ്ക്കും ഭൂമി വിട്ടുകൊടുത്തവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ഒരു കോടി 92 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. തുക വിതരണം പൂർത്തിയാക്കി പണി പുനരാരംഭിച്ചപ്പോൾ നബാർഡ് കാലുമാറി. ഇതോടെ പ്രതിസന്ധിയിലായ നിർമ്മാണം ഡി.കെ. മുരളി എം.എൽ.എയുടെ ഇടപെട്ടതോടെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കരാറുകാരനു നൽകാനുണ്ടായിരുന്ന ആറ് കോടി രൂപ കൈമാറിയതോടെയാണ് നിർമ്മാണം ധൃതഗതിയിൽ പുനഃരാരംഭിച്ചു.
നിർമ്മാണം അന്തിമഘട്ടത്തിൽ
ഏഴു വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പാലത്തിന് ശിലയിട്ടത്. നാല് സ്‌പാനുകളിലായി 37.62 മീറ്റർ നീളത്തിലും 11.23 മീറ്റർ വീതിയിലും രണ്ട് അബാർട്ട്മെന്റ്, മൂന്ന് ഫില്ലറുകൾ, ഫെൽ ഫൗണ്ടേഷൻ, പാലത്തിന്റെ ഒരുകരയിൽ 700 മീറ്റർ അപ്രോച്ച് റോഡ്, മറുകരയിൽ 300 മീറ്റർ അപ്രോച്ച് റോഡ് എന്നിവയാണ് പാലത്തിലുള്ളത്. ഫൗണ്ടേഷനും സ്‌പാനും അബാർട്ട്മെന്റും ഫില്ലറുകളും പൂർത്തിയായിക്കഴിഞ്ഞു. 300 മീറ്റർ അപ്രോച്ച് റോഡിൽ ഫില്ലിംഗ് ജോലിയും പാലത്തിന്റെ മുകൾ വശത്തെ കോൺക്രീറ്റും അന്തിമഘട്ടത്തിലാണ്.
അടങ്കൽ തുക 12 കോടി
ആദ്യഘട്ടത്തിൽ പാലത്തിനായി അനുവദിച്ചത് 10.9 കോടി രൂപയായിരുന്നു. കൺസ്ട്രക്ഷൻ കോർപറേഷൻ കൈയൊഴിഞ്ഞതോടെ 2016ൽ 12 കോടി രൂപ അടങ്കൽ തുകയിൽ പുതിയ കരാറുകാരൻ ചുമതല ഏറ്റെടുത്തു. പതിനെട്ടു മാസമായിരുന്നു കാലാവധി.
ഏഴ് പഞ്ചായത്തുകളുടെ സ്വപ്നം
നന്ദിയോട്, പനവൂർ, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളുടെ സ്വപ്നമാണ് ചെല്ലഞ്ചി പാലം. കാർഷിക മേഖലയുടെ വളർച്ചയ്‌ക്കും ഉൾപ്രദേശങ്ങളിലെ താമസക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാനും പാലം സഹായകമാവും. നിലവിൽ കിലോമീർ ചുറ്റിയാണ് പ്രദേശവാസികൾ വർക്കല, വിതുര, പൊന്മുടി മേഖലകളിലെത്തുന്നത്.
'അപ്രതീക്ഷിതമായി നബാർഡ് പിന്മാറിയത് പാലം നിർമ്മാണം പ്രതിസന്ധിയിലാക്കി. സംസ്ഥാന സർക്കാർ സഹായിച്ചതിനാലാണ് പണി പൂർത്തിയാക്കാൻ കഴിഞ്ഞത്. ആദ്യ ഘട്ടം മുതലുള്ള നടപടിക്രമങ്ങൾ വീണ്ടും ചെയ്യേണ്ടി വന്നതിലുള്ള കാലതാമസം പ്രതികൂലമായി ബാധിച്ചു. പാലം സർക്കാരിന്റെ പുതുവർഷ സമ്മാനമായി ജനങ്ങൾക്ക് തുറന്നു കൊടുക്കും.
അഡ്വ. ഡി.കെ. മുരളി എം.എൽ.എ