lbs

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ 21 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തും. പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ 'KGTE2018' എന്ന ലിങ്കിലൂടെ സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്ക് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ് ലഭിക്കും. ഈ രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം. സമയക്രമം തെരഞ്ഞെടുക്കുവാനുള്ള അവസരം നവംബർ 12 മുതൽ 19 വരെ മേൽ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ അതാത് എൽ.ബി.എസ് കേന്ദ്രങ്ങളിൽ അടയ്ക്കണം. വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നൽകുന്നതല്ല.

സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി 15 നകം അയയ്ക്കണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭിക്കും.




വിവരാവകാശ കമ്മിഷന് ഓൺലൈനിൽ അപ്പീൽ നൽകാം
വിവരാവകാശ നിയമം 2005 ന്റെ 19(3) വകുപ്പു പ്രകാരം സംസ്ഥാന വിവരാവകാശ കമ്മിഷനു നൽകുന്ന അപ്പീലുകൾ ഓൺലൈനായി സമർപ്പിക്കാൻ സംവിധാനമായി. sic@kerala.nic.in എന്ന ഇ-മെയിൽ വിലാസത്തിലാണ് അപ്പീലുകൾ അയയ്ക്കേണ്ടത്. അപ്പീൽ പെറ്റിഷനുകളും, കംപ്ലൈന്റ് പെറ്റിഷനുകളും ഇത്തരത്തിൽ സമർപ്പിക്കാം. ഓൺലൈൻ അപ്പീലുകൾക്കുള്ള കൈപ്പറ്റ് രസീതും ഹിയറിംഗ് സംബന്ധിച്ച നോട്ടീസും കമ്മീഷൻ ഉത്തരവും ഓൺലൈനായിത്തന്നെ നൽകും. പെറ്റീഷനുകളിൽ ഹർജിക്കാർ മൊബൈൽ നമ്പർ രേഖപ്പെടുത്തണം.


അന്തർദ്ദേശീയ കോൺഫറൻസ് നടത്തും
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ രസതന്ത്ര വകുപ്പ് കേരള സർക്കാരിന്റെ ധനസഹായത്തോടെ ഡിസംബർ 11, 12 തീയതികളിൽ 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്റ്റൈനബിൾ ഇന്നവേഷൻസ് ഇൻ ഗ്രീൻ കെമിസ്ട്രി ആൻഡ് ന്യൂ ടെക്‌നോളജിക്കൽ ഡെവലപ്‌മെന്റ്‌സ്' എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിക്കും. മലിനീകരണ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഹരിത രസതന്ത്രത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനാണ് കോൺഫറൻസ്. വിദേശികളായ പ്രഭാഷകരും ശാസ്ത്ര സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും പ്രഗത്ഭരായ അദ്ധ്യാപകരും വിദ്യാർത്ഥികളും കോൺഫറൻസിൽ പങ്കെടുക്കും. അന്തർദേശീയ കോൺഫറൻസിനോടനുബന്ധിച്ച് ഓറൽ/പോസ്റ്റർ പ്രസന്റേഷൻ നടക്കും. ഡോ. ബിന്ദു ഷർമിള ടി.കെ (944682578), ഡോ. ശ്രീഷ ശശി (9446296572) എന്നിവരെ വിശദവിവരങ്ങൾ അറിയാൻ വിളിക്കാം.