hema

തിരുവനന്തപുരം:ബഹുനില കെട്ടിടങ്ങളിൽ അഗ്നിരക്ഷാമാർഗ്ഗങ്ങൾ ഒരുക്കാത്തത് ബോദ്ധ്യമായിട്ടും കെട്ടിടങ്ങൾ പൂട്ടിക്കാനോ സ്റ്റോപ്പ്മെമ്മോ നൽകാനോ കേസെടുക്കാനോ ഫയർഫോഴ്സിന് അധികാരമില്ല. വിവരം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനേ കഴിയൂ. തദ്ദേശസ്ഥാപനങ്ങളാവട്ടെ, അഗ്നിസുരക്ഷ കാര്യമായെടുക്കാറില്ല. ഈ പഴുതിൽ ലക്ഷങ്ങൾ ചെലവുള്ള അഗ്നിരക്ഷാസംവിധാനങ്ങൾ വൻകിടകെട്ടിടങ്ങൾ ഒഴിവാക്കിയിരിക്കയാണ്. സംസ്ഥാത്ത് പകുതിയോളം ബഹുനിലകെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സജ്ജീകരണങ്ങൾ ഇല്ല.

കെട്ടിടനിർമ്മാണചട്ടങ്ങൾ പ്രകാരം അഗ്നിസുരക്ഷയുള്ള കെട്ടിടങ്ങൾക്കേ തദ്ദേശസ്ഥാപനങ്ങൾ അനുമതിനൽകാവൂ. തീ കെടുത്താനും രക്ഷാപ്രവർത്തനത്തിനുമുള്ള ഫയർസിസ്റ്റം സ്ഥാപിച്ചാലേ എൻ.ഒ.സി നൽകാവൂ. നിർമ്മാണ സമയത്ത് പരിശോധനയ്ക്ക് ഫയർഫോഴ്സിന് അധികാരമില്ല. പണിപൂർത്തിയായ ശേഷമുള്ള അനുമതിമാത്രം മതി. മൂന്നുനില കെട്ടിടത്തിൽ അഗ്നിരക്ഷയൊരുക്കാൻ മൂന്നുലക്ഷത്തിലേറെ ചെലവുണ്ടാവും. തുടക്കത്തിൽ എല്ലാ സംവിധാനവും ഉണ്ടാകുമെങ്കിലും ക്രമേണ ഇതെല്ലാം ഒഴിവാക്കപ്പെടും. ഫയർഫോഴ്സിന്റെ പരിശോധനയ്ക്കായി താൽകാലിക സുരക്ഷ ഒരുക്കുന്ന കരാറുകാരുമുണ്ട്. വാർഷിക പരിശോധനകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാലും ഫയർഫോഴ്സ് അറിയിച്ചാലും കോർപ്പറേഷനോ മുനിസിപ്പാലിറ്റികളോ ഒരു നടപടിയും എടുക്കാറില്ല. ബഹുനില കെട്ടിടത്തിനു നാലുവശവും ഫയർഎൻജിൻ ഓടിക്കാനാവുന്ന വഴികളുണ്ടാവണമെന്ന ചട്ടംപോലും പാലിക്കാറില്ല.

സെപ്തംബർ 24 ന് എല്ലാ ജില്ലകളിലും അഗ്നിസുരക്ഷ കുറവുള്ള ബഹുനിലകെട്ടിടങ്ങളിൽ ഫയർഫോഴ്സ് പരിശോധന നടത്തിയിരുന്നു. 200ലേറെ കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ അപകടത്തിലാണെന്ന് കണ്ടെത്തി. ഇവയുടെ ലിസ്റ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരിക്കുകയാണ്. ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ, ഷോപ്പിംഗ് കോംപ്ളക്‌സുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷാപാളിച്ചയുണ്ട്. മിക്കയിടത്തും അറ്റകുറ്റപ്പണി നടത്താറില്ല.

ബഹുനില മന്ദിരങ്ങൾക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയതിനു പിന്നാലെയാണ് ഡി.ജി.പി. ജേക്കബ് തോമസ് ഫയർ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് തെറിച്ചത്. അതേസമയം,

15മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് ഫയർ എൻ.ഒ.സി നിർബന്ധമാക്കാതിരിക്കാൻ ഡയറക്ടറായിരുന്ന ടോമിൻതച്ചങ്കരി നീക്കം നടത്തിയിരുന്നു. കെട്ടിടംഉടമകൾ അഗ്നിസുരക്ഷ ഒരുക്കി, സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നായിരുന്നു ശുപാർശ.

ദുരന്തത്തിന്റെ വഴികൾ

ഭൂരിഭാഗം ബഹുനിലകെട്ടിടങ്ങളിലെയും ഫയർഎസ്കേപ്പ് സ്റ്റെപ്പുകൾ അടച്ചിട്ടിരിക്കുന്നു

 എമർജൻസി എക്സിറ്റുകളിലും പാസേജുകളിലും തടസം

 സ്‌മോക്ക് എക്സ്ട്രാക്‌ഷൻ, ഫയർ സപ്രഷൻ സിസ്റ്റം, ഫയർ ഫ്യൂം പ്രവർത്തിക്കില്ല

തീയണയ്ക്കാൻ വാട്ടർ ടാങ്കില്ല, ലിഫ്‌റ്റുകൾക്ക് സുരക്ഷാ വാതിൽ പണിയില്ല

 തീയുണ്ടായാൽ സ്വയം വെള്ളം പമ്പുചെയ്യുന്ന സ്‌പ്രിംഗ്ലറുകളില്ല

പ്രതീക്ഷ പുതിയ നിയമത്തിൽ

പുതിയ ഫയർസർവീസ് ചട്ടത്തിൽ ഫയർഫോഴ്സിന് എൻഫോഴ്സ്‌മെന്റ് അധികാരംനൽകും. അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി ഉടമയ്ക്കെതിരേ കേസെടുക്കാം. ബഹുനിലകെട്ടിടങ്ങളിലും മാളുകളിലും നൂറിലധികം മുറികളുള്ള ഹോട്ടലുകളിലും എൽ.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റുകളിലും ഫയർസേഫ്‌റ്റി ഓഫീസറെ നിയമിക്കണം.

ഒരുക്കുന്നത്

വൻതീപിടുത്തങ്ങൾ നേരിടാൻ 100 കമാൻഡോകൾ

62.72 കോടിയുടെ രക്ഷാ ഉപകരണങ്ങളും വാഹനങ്ങളും

''ബഹുനിലകെട്ടിടങ്ങൾ അഗ്നിസുരക്ഷയിൽ ശ്രദ്ധിക്കണം. റസിഡൻസ് അസോസിയേഷനുകൾക്കും കെട്ടിടനിർമ്മാതാക്കൾക്കും ബോധവത്കരണവും സഹായവും നൽകാം''

എ.ഹേമചന്ദ്രൻ

ഫയർഫോഴ്സ് മേധാവി