it
കേരള സ്റ്റാർട്ട് അപ് മിഷന്റെ സംരംഭകത്വയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.ഐ.ടി.സെക്രട്ടറി എം. ശിവശങ്കർ, സ്റ്റാർട്ട് അപ് മിഷൻ സി. ഐ. ഒ. സജിഗോപിനാഥ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: ഐ.ടി.മേഖലയിൽ പുതിയ സംരംഭങ്ങളാരംഭിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സഹായിക്കാൻ കേരള സ്റ്റാർട്ട് മിഷൻ ആവിഷ്കരിച്ച പുതിയ യാത്രാപരിപാടിക്ക് ഇന്നലെ തുടക്കമായി. ക്ളിഫ്ഹൗസിന് മുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ്, പാല സെന്റ് ജോസഫ്സ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ്, തൃശൂർ സഹൃദയ കോളേജ്, കോഴിക്കോട് എൻ.ഐ.ടി, വയനാട്ടിലെ മീനങ്ങാടി പോളിടെക്നിക് , കാസർകോട് എൽ.ബി.എസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥകളുമായി സംസാരിക്കും.കൂടാതെ 3 ന് കാഞ്ഞിരപ്പള്ളിഅമൽജ്യോതി എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ സംരംഭകത്വ സമ്മേളനം, 16,17 തീയതികളിൽ കൊച്ചി ലേ മെറിഡാൻ ഹോട്ടലിൽ ടോക്കൺ കേരള ഉച്ചകോടി എന്നിവ നടക്കും.ടെക്നോപാർക്ക് ആസ്ഥാനത്ത് 26,27 തീയതികളിലാണ് സമാപന സമ്മേളനം. യാത്രയിൽ പങ്കെടുത്ത് മികച്ച നിക്ഷേപ ആശയങ്ങൾ സമർപ്പിക്കുന്നവർക്ക് പത്തുലക്ഷം രൂപയുടെ സമ്മാനവും നൽകുന്നുണ്ട്.

ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഐ.ടി സെക്രട്ടറി എം ശിവശങ്കർ, കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ സജി ഗോപിനാഥ്, സ്റ്റാർട്ടപ് ഇന്ത്യ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.