ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയരുന്ന ജനകീയപ്രതിഷേധം കേരളചരിത്രത്തിലെ അഭൂതപൂർവമായ അദ്ധ്യായമാണ്. പ്രക്ഷോഭപരിപാടിയിൽ പങ്കാളികളായവരിൽ ഭൂരിഭാഗവും സ്ത്രീജനങ്ങളാണെന്നത് വിസ്മയകരമാണ്. വ്യാപകമായ ഈ പ്രതികരണത്തിന്റെ കാരണവും അർത്ഥവും പലതരത്തിലും വ്യാഖ്യാനിക്കാനാകും. തങ്ങളുടെ മതത്തിൽ ഭരണകൂടവും കോടതികളും അനാവശ്യമായി ഇടപെടുന്നു എന്ന സംശയം ജനങ്ങളെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്.
കേരളത്തിലെ ചില മാദ്ധ്യമങ്ങളും, മതനിരപേക്ഷതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവരും ഹിന്ദുസമൂഹത്തെ നിർദ്ദാക്ഷിണ്യം കടന്നാക്രമിക്കുന്നു എന്ന ചിന്തയും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ജനവികാരത്തെ പാടേ അവഗണിച്ച് മുന്നോട്ടുപോകാൻ ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഭാരണകൂടത്തിനോ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കോ കഴിയുമെന്ന് തോന്നുന്നില്ല. വ്യാപകമായ ജനകീയപ്രക്ഷോഭത്തെ സൈദ്ധാന്തിക ശാഠ്യങ്ങൾകൊണ്ടല്ല നേരിടേണ്ടത്. ജനവികാരം തണുപ്പിക്കാൻ അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും പാത പിന്തുടരുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത്. അതാണ് ധാർമ്മികമായ നിലപാട്. പൊലീസിനെ ഉപയോഗിച്ച് നിഷ്കാരുണ്യം ജനവികാരം അടിച്ചമർത്താൻ ശ്രമിക്കുന്നത് അനാവശ്യ സംഘർഷങ്ങൾക്കും രക്തച്ചൊരിച്ചിലിനും കാരണമാകും. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് അത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
സമൂഹത്തിൽ കാലാനുസൃതമായ പരിവർത്തനങ്ങൾ സംഭവിക്കണമെന്നും അതിന് എതിരുനിൽക്കുന്ന യാഥാസ്ഥിതിക ശക്തികളോട് ഒത്തുതീർപ്പ് അരുതെന്നുമുള്ള നിലപാട് അംഗീകരിക്കുമ്പോൾത്തന്നെ, മുഖ്യമന്ത്രി അടിയന്തരമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ഇപ്പോൾ കേരളത്തിലും പുറത്തും നടന്നുകൊണ്ടിരിക്കുന്നത് യാഥാസ്ഥിതികരുടെ മാത്രം പ്രതിഷേധമല്ല. നാളിതുവരെ ഒരു രാഷ്ട്രീയപാർട്ടിയുടെയും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാരും സ്ത്രീജനങ്ങളുമാണ് പ്രതിഷേധവുമായി നിരത്തിലെത്തിയിരിക്കുന്നത്. ഇതിനെ നിസാരമായി കാണരുത്. പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള പോരാട്ടമായി പ്രതിഷേധങ്ങളെ വിലയിരുത്തുന്നത് ശുദ്ധഭോഷ്കാണ്. ഇത് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിമാത്രമുള്ളതാണെന്ന നിരീക്ഷണവും ശരിയല്ല.
ജനങ്ങളിൽ ഭൂരിഭാഗവും മതവിശ്വാസികളായ നാട്ടിൽ വേണ്ടത്ര ബോധവത്കരണം നടത്താതെ മതകാര്യങ്ങളിൽ ഇടപെടുന്നത് ശക്തവും ദൂരവ്യാപകവുമായ പ്രതിക്രിയയ്ക്ക് കാരണമാകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല സംഭവം. യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധനയുടെ ഘട്ടത്തിലാണ്. നവംബർ 13 ന് പ്രാഥമിക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ ധാരാളം അഭിപ്രായങ്ങൾ പുറത്തുവന്നുകഴിഞ്ഞു. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, പ്രശസ്ത നിയമജ്ഞനായ പ്രൊഫ.എൻ.ആർ.മാധവമോനോൻ, മുതിർന്ന അഭിഭാഷകൻ അഡ്വ. കെ.രാംകുമാർ തുടങ്ങി നിരവധി പ്രശസ്തർ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പ്രത്യേകസാഹചര്യത്തിൽ സുപ്രീംകോടതിയുടെ അവസാന വിധി വരുംവരെ യുവതി പ്രവേശനം നിറുത്തി വയ്ക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.
വ്യാപകമായ സംഘർഷത്തിനും ക്രമസമാധാനത്തകർച്ചയ്ക്കും കാരണമാകും വിധം, അതും മതസംബന്ധമായ വിഷയത്തിൽ - ബലപ്രയോഗത്തിലൂടെ കോടതിവിധി നടപ്പാക്കുന്നതിൽ എന്തർത്ഥമാണുള്ളത് ? വികാരവിക്ഷോഭത്തിനും സംഘർഷാന്തരീക്ഷത്തിനും അയവുവരുന്ന തരത്തിൽ സർക്കാർ പെരുമാറണം. അതാണ് ജനാധിപത്യമര്യാദ. ബന്ധപ്പെട്ടവർക്ക് റിവ്യുപെറ്റിഷൻ നൽകാനുള്ള സാവകാശം പോലും അനുവദിക്കാതെ, അടിയന്തരമായി കോടതിവിധി നടപ്പാക്കും എന്ന പിടിവാശി സർക്കാരിന്റെ സദുദ്ദേശ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയി എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്ഷേത്രങ്ങളുടെയും ക്ഷേത്രവിശ്വാസികളുടെയും ഉത്തമ താത്പര്യം സംരക്ഷിക്കുക എന്നതാണ് ദേവസ്വംബോർഡിന്റെ ധാർമ്മികവും നിയമപരവുമായ കർത്തവ്യം.അക്കാര്യത്തിൽ ദേവസ്വംബോർഡിന് സ്വയംനിർണയവകാശം ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ആ മൗലികതത്വത്തെ അട്ടിമറിക്കുന്നതരത്തിലായിപ്പോയി മുഖ്യമന്ത്രിയുടെ നിലപാട് എന്ന് ഖേദപൂർവം ചൂണ്ടിക്കാണിക്കാതെ നിർവാഹമില്ല. സർക്കാരിന് മേൽനോട്ട അവകാശമുള്ള- മതസ്ഥാപനങ്ങൾ ഉൾപ്പെടെ -സർവ സ്ഥാപനങ്ങളിലും ഭരണകക്ഷിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് നടപ്പിലാവണം എന്ന പിടിവാശി ജനാധിപത്യസംവിധാനത്തിൽ തികച്ചും അസ്വീകാര്യമാണ്. പക്ഷെ നിർഭാഗ്യവശാൽ കേരളസർക്കാർ അത്തരമൊരു നയമാണ് ശബരിമലയുടെ കാര്യത്തിൽ അനുവർത്തിച്ചത്. ഇത് അടിയന്തിരമായി തിരുത്തപ്പെടണം. മുഖ്യമന്ത്രി തന്റെ തനതു ശൈലിയിൽ കൈകാര്യം ചെയ്യാൻ മുതിരുന്ന വിഷയം മതസംബന്ധമായ കാര്യമാണെന്ന് അദ്ദേഹം വിസ്മരിക്കരുത്. മതവിശ്വാസത്തിന്റെ വേരുകൾ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതും നിരവധി അടരുകളുള്ളതുമാണ്. മതവിശ്വാസം സൃഷ്ടിക്കുന്ന ഊർജ്ജം കൃത്യമായി ആർക്കും തിട്ടപ്പെടുത്താനാവുന്നതുമല്ല. മുഖ്യമന്ത്രിയുടെ പാർട്ടിയിലെ അംഗങ്ങളിൽ തന്നെ വലിയൊരു വിഭാഗം മതവിശ്വാസികളാണ്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിൽ ജനങ്ങൾ അസംതൃപ്തരാണ്. മതസംബന്ധമായ വിഷയത്തെ ബുദ്ധിപൂർവം കൈകാര്യം ചെയ്യേണ്ടത് ഏതൊരു ഭരണാധികാരിയുടെയും പ്രാഥമിക കർത്തവ്യമാണ്. സുപ്രീംകോടതിവിധിയുടെ പേരിൽ അനാവശ്യമായ രക്തച്ചൊരിച്ചിൽ ഒഴിവാക്കപ്പെടണം എന്നകാര്യത്തിന് പ്രാമുഖ്യം കിട്ടണം.
നവോത്ഥാനത്തെ മുന്നോട്ടു നയിക്കുകയാണെന്ന മുരട്ട് ന്യായത്തിന് ഈ സന്ദർഭത്തിൽ പിടിച്ചു നിൽക്കാനാവില്ല. നവോത്ഥാനത്തിന്റെ ഉറവിടം ജനമനസിൽ സംഭവിക്കുന്ന പരിവർത്തനമാണ്. അത് ബലപ്രയോഗം കൊണ്ട് സംഭവിക്കേണ്ടതല്ല. ജീവകാരുണ്യത്തിന്റെ അക്ഷയഖനികളും അഹിംസാമൂർത്തികളുമായിരുന്ന ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളുമാണ് കേരളീയ നവോത്ഥാനത്തിന്റെ മുഖ്യമാർഗദർശികൾ. ക്ഷേത്രപ്രവേശനം, അയിത്തോച്ചാടനം എന്നിവയിലേക്ക് നയിച്ച ചരിത്രപ്രസിദ്ധമായ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ, സത്യത്തെയും അഹിംസയെയും ഉപാസിച്ച ഗാന്ധിജിയുടെ നേരിട്ടുള്ള മാർഗദർശനത്തിൽ നടന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളായിരുന്നു എന്ന കാര്യവും ഓർക്കണം.
സുപ്രീകോടതിവിധിയെ തുടർന്ന് ശബരിമല സന്ദർശിക്കാനാഗ്രഹിക്കുന്ന യുവതികൾ, ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര മറ്റൊരു യുക്തമായ സന്ദർഭത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിതന്നെ നേരിട്ട് ഒരഭ്യർത്ഥന പുറപ്പെടുവിക്കുന്നത് ഉചിതമായിരിക്കും. അത് സംഘർഷത്തിന് അയവുവരുത്തും. സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കി മുഖ്യമന്ത്രി ഉദാരവും ദീർഘവീക്ഷണവുമുള്ള നിലപാട് കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് കേരളമാണെന്ന കാര്യം വിസ്മരിക്കരുത്. നാം നേടിയ സാംസ്കാരിക നന്മകളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പുറപ്പാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ അംഗീകരിക്കാനാവില്ല.
( ലേഖകൻ ഭാരതീയവിചാരകേന്ദ്രം
ജോയിന്റ് ഡയറക്ടറാണ് )