ayushman

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്‌മാൻ ഭാരതിൽ കേരളവും ചേരും. ഇതിനുള്ള ധാരണാ പത്രത്തിൽ ഉടൻ ഒപ്പുവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ 2019 ഏപ്രിൽ ഒന്നുവരെ കേരളം സമയം ചോദിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. കേരളത്തിലെ 21.5 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.നിലവിലുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന (ആർ.എസ്.ബി.വൈ) മാർച്ച് 31നാണ് അവസാനിക്കുന്നത്. അതിന് ശേഷം പുതിയ പദ്ധതിയിൽ ചേരാമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഈ പദ്ധതിയിലെ മുഴുവൻ പേരെയും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം ആയുഷ്മാൻ ഭാരത് ഡയറക്ടറേറ്റ് അംഗീകരിച്ചിരുന്നു. എന്നിട്ടും കേരളം അന്തിമതീരുമാനമെടുത്തില്ല.

കേരളം കൂടി അംഗമാവുന്നതോടെ തെലുങ്കാനയും ഒഡീഷയും മാത്രമാകും പദ്ധതിക്ക് പുറത്തുള്ള സംസ്ഥാനങ്ങൾ.ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തി ധാരണാപത്രം ഒപ്പിടുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.