വിതുര : പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ കരനെൽക്കൃഷിയിൽ നൂറുമേനിവിളവ്. വിതുര രോഹിണി കൾച്ചറൽ വേദി ചെയർമാനും മികച്ച പ്രവാസി കർഷക പുരസ്കാര ജേതാവുമായ ചായം രോഹിണിയിൽ പി. വിജയൻനായരാണ് കരനെൽക്കൃഷിയിലും വിജയഗാഥ രചിച്ചത്. വിജയൻനായരുടെ മീനാങ്കലിലുള്ള റബർ എസ്റ്റേറ്റിലെ അരഏക്കർ സ്ഥലത്താണ് കരനെൽക്കൃഷി നടത്തിയത്. നെല്ല് പാകിയപ്പോൾ ആരംഭിച്ച കനത്ത മഴ വിളവെടുപ്പ് കാലം വരെ നീണ്ടെങ്കിലും വിളവിന് യാതൊരു കുറവുമില്ലായിരുന്നു. കഴിഞ്ഞവർഷം വരെ തൊളിക്കോട് പഞ്ചായത്തിലെ ചായത്തുള്ള ഏലായിലാണ് നെൽക്കൃഷി നടത്തിയിരുന്നത്. കൃഷി നഷ്ടമായതും ജോലിക്കാരെ യഥാസമയം കിട്ടാതെ വന്നതോടെയാണ് അത് നിറുത്തി കരനെൽക്കൃഷി ആരംഭിച്ചത്. 'പള്ളിക്കൂടത്തിൽ നിന്നു പാടശേഖരത്തിലേക്ക് ' പദ്ധതിയുടെ ഭാഗമായി നെൽക്കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷിരീതികളെക്കുറിച്ച് അറിയാനുമായി അനവധി സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ മീനാങ്കലിൽ എത്തിയിരുന്നു. കരനെൽക്കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകനായ വിജയൻനായർ. മാത്രമല്ല എസ്റ്റേറ്റിലെ കൂടുതൽ സ്ഥലത്തേക്ക് കരനെൽകൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊളിക്കോട് കൃഷി ഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്.
പഴയകാലഒാർമ്മകൾ അയവിറക്കി കൊയ്ത്തുപാട്ട് പാടിയും, ഏറ്റുപാടിയുമാണ് വിളവെടുപ്പുത്സവം നടത്തിയത്. രോഹിണികൾച്ചറൽ വേദി ചെയർമാൻ ചായം പി. വിജയൻനായർ ഉദ്ഘാടനം ചെയ്തു. മീനാങ്കൽ നിവാസികളും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.