politics

നെടുമങ്ങാട് : വാടക കെട്ടിടത്തിൽ നിന്ന് നെടുമങ്ങാട് സബ് ട്രഷറിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്ക് ഇടംകോലിട്ട് പി.ഡബ്ലിയു.ഡിയും ജലഅതോറിട്ടിയും. പുതിയ ട്രഷറി മന്ദിരത്തിൽ ജലവിതരണം നടത്താൻ 37,000 രൂപ മാസങ്ങൾക്ക് മുമ്പേ ഒടുക്കിയതാണെങ്കിലും ഇരട്ടി തുക ആവശ്യപ്പെടുകയാണ് ബന്ധപ്പെട്ട അധികൃതർ. കോടികൾ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന ട്രഷറി മന്ദിരം തുറന്നു കൊടുക്കാത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ധനകാര്യ വകുപ്പ് ഭരണാനുമതി നല്കുന്നില്ലെന്ന ആരോപണം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തു വന്നതോടെ ട്രഷറി മാറ്റവുമായി ബന്ധപ്പെട്ട നടപടികൾ സജീവമായിരിക്കെയാണ് വാട്ടർ അതോറിട്ടിയുടെയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെയും മുട്ടാപ്പോക്ക്. പി.ഡബ്ലിയു.ഡി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയാണ് അടച്ചതെന്ന് ട്രഷറി ജീവനക്കാർ പറയുമ്പോൾ റോഡു മുറിച്ച് വാട്ടർ കണക്ഷൻ നൽകാൻ ഈ തുക മതിയാവില്ലെന്നാണ് ജല അതോറിട്ടിയുടെ പക്ഷം.

അധികമായി അടയ്‌ക്കേണ്ടത് 40,000 രൂപ

അധിക തുക ഈടാക്കുന്നു

അധികമായി നാല്പ്തിനായിരം രൂപ കൂടി അടിയന്തരമായി ഒടുക്കണമെന്നാണ് ട്രഷറി വകുപ്പിനോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരിക്കുന്നത്. താലൂക്കോഫീസ് ഉൾപ്പടെ ഇരുപതോളം സർക്കാരോഫീസുകളും മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റവന്യുടവറിൽ ജലവിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ ഒരുക്കിയിട്ടുണ്ട്. വെറും പതിനഞ്ച് മീറ്റർ മാത്രം മാറി ടവർ വളപ്പിൽ നിർമ്മിച്ച ട്രഷറി മന്ദിരത്തിലേയ്ക്കും ഈ ലൈനിൽ നിന്ന് ജലം നൽകാമെന്നിരിക്കെ, അതു മറച്ചു വച്ചാണ് ഉദ്യോഗസ്ഥരുടെ പുതിയ ആവശ്യം. ട്രഷറിയുടെ പിന്നിലെ കുപ്പക്കോണം റോഡ് കുഴിച്ച് പുതിയ ലൈൻ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിനാവശ്യമായ എസ്റ്റിമേറ്റ് നൽകുമ്പോൾ പഴഞ്ചൻ റോഡായിരുന്നുവെന്നും നിലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റബറൈസിഡ് ടാറിംഗ് നടത്തിയിരിക്കുകയാണെന്നും വിശദീകരണമുണ്ട്. ഗുണനിലവാരമേറിയ റോഡുകൾ വെട്ടിപ്പൊളിക്കുമ്പോൾ അധിക തുക പൊതുമരാമത്ത് വകുപ്പിൽ അടയ്‌ക്കേണ്ടതുണ്ട്.

എം.എൽ.എ ഇടപെട്ടു

അടഞ്ഞുകിടക്കുന്ന ട്രഷറി മന്ദിരം ഈ മാസം പകുതിയോടെ ഉദ്‌ഘാടനത്തിനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് സി. ദിവാകരൻ എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. ജലവിതരണ സംവിധാനം രണ്ടു ദിവസത്തിനകം സജ്ജമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൈപ്പ് ലൈനിൽ നിന്ന് കണക്ഷൻ എടുക്കാൻ റവന്യു ടവറിന്റെ ഉടമസ്ഥരായ ഭവന ബോർഡിന്റെ അനുവാദം വേണം. ബോർഡിനോടും പി.ഡബ്ലിയു.ഡിയോടും തടസവാദത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടതായി ഓഫീസ് അറിയിച്ചു.