തിരുവനന്തപുരം: മൺവിളയിലെ പ്ലാസ്റ്റിക് ഫാക്‌ടറിയിലെ തീപിടുത്തം 14 മണിക്കൂറെടുത്താണ് ഫയർഫോഴ്സ് ശമിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും കന്യാകുമാരിയിലെയും 50 ഫയർഎൻജിനുകളും 400 ഉദ്യോഗസ്ഥരും തീയണയ്ക്കാൻ പരിശ്രമിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഫയർഫോഴ്സ് ഓപ്പറേഷൻ തുടങ്ങിയത്.
തീപിടിത്തത്തിൽ 40 കോടി രൂപയുടെ നാശമുണ്ടായി.
അഗ്നി വിഴുങ്ങിയ അഞ്ച്നില കെട്ടിടവും മൂന്ന് നില കെട്ടിടവും തകർന്നു. ബാരലുകളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ തീ പിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തീപിടിച്ച് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കും.
രണ്ടു കെട്ടിടങ്ങളിൽ തീ ആളിപ്പടർന്നപ്പോഴേക്കും തീ ഉടൻ പൂർണമായി അണയ്ക്കുക അസാദ്ധ്യമാണെന്നും കൂടുതൽ പടരാതെ തടയണമെന്നും ധാരണയായി. സമീപത്ത് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ അട്ടിയിട്ടുവച്ചിരിക്കുന്ന കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നടപടികളെടുത്തു.
ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്റെ നിർദ്ദേശപ്രകാരം തീ പടരാതിരിക്കാൻ കെട്ടിടത്തിനു ചുറ്റും ഫയർലൈൻ ഒരുക്കി. കാട്ടുതീ വ്യാപിക്കാതിരിക്കാൻ ഫയർഫോഴ്സ് സ്വീകരിക്കുന്ന നടപടിയാണിത്. സമീപത്തെ കെട്ടിടത്തിലെ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും മാറ്റി. നാലുവശത്തു നിന്നും തുടർച്ചയായി വെള്ളം ചീറ്റി തീ പടരുന്നത് ഒഴിവാക്കി. രാത്രി പന്ത്രണ്ടരയോടെ കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരില്ലെന്ന് ഉറപ്പാക്കി. അപ്പോഴും സമീപത്തെ അരശുംമൂട് തോട്ടിൽ നിന്ന് തുടർച്ചയായി വെള്ളം എത്തിച്ച് പമ്പുചെയ്തുകൊണ്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് അഗ്നി പൂർണമായി നിയന്ത്രണത്തിലായി.
രണ്ട് കെട്ടിടങ്ങളിലും 4000ലിറ്ററോളം ഡീസൽ, എൽ.പി.ജി സിലിണ്ടറുകൾ, ഫർണസ് ഓയിൽ, പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ എന്നിവയെല്ലാം സൂക്ഷിച്ചിരുന്നു. പകുതിയോളം ഡീസലും, ഡീസൽ നിറച്ചിരുന്ന ജനറേറ്ററുകളും സുരക്ഷിതമായി മാറ്റി. ഗ്യാസ് സിലിണ്ടറുകൾ ഉഗ്രശബ്ദത്തോടെ ഇടയ്ക്കിടെ പൊട്ടിത്തെറിച്ചു.
മുകൾനിലയിലേക്കുള്ള പടികൾക്ക് താഴെയും ഗോഗൗണിലും കുത്തിനിറച്ചിരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കത്തി. ഇത് അണയ്‌ക്കാൻ അസാദ്ധ്യമായിരുന്നു. നാലുചുറ്റും വെള്ളം പമ്പുചെയ്യുക മാത്രമായിരുന്നു പോംവഴി. തീ ആളിപ്പടർന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ വെള്ളം ചീറ്റിയപ്പോൾ അടർന്നുവീണത് ഫയർഫോഴ്സിനെ വലച്ചു. ഇന്നലെ രാവിലെ 9.30നാണ് തീ പൂർണമായി അണച്ചത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം തീയണയ്ക്കാനായി ഉപയോഗിച്ചു.
വെള്ളത്തിനൊപ്പം തീയണയ്ക്കാനുള്ള ഫോം ഉപയോഗിച്ചില്ലെന്ന ആരോപണം ശരിയല്ലെന്ന് ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ പറഞ്ഞു. ഒരേ തലത്തിലുള്ള പ്രതലത്തിലേ ഫോം ഉപയോഗിക്കാനാവൂ. കത്തുന്ന വസ്തുവിനും വായുവിനുമിടയിൽ ഒരു പാളിപോലെ ഫോം പ്രവർത്തിച്ച് തീയണയ്ക്കുകയാണ് ചെയ്യുക. എന്നാൽ പലതലങ്ങളിൽ തീ ആളിപ്പടരുന്നിടത്ത് ഫോം ഗുണംചെയ്യില്ല. പ്രയോഗിക്കുമ്പോൾ തീ അൽപ്പം കുറഞ്ഞാലും, പിന്നീട് ആളിപ്പടരും. ആവശ്യത്തിന് ഫോം ഫയർഫോഴ്സിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.