തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 5ന് കൊടിയേറും. ക്ഷേത്ര തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ 5ന് രാവിലെ ഒമ്പതിനും 9.30നും ഇടിയിലാണ് കൊടിയേറ്റ്. കൊടിയേറ്റത്തിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഡെപ്യൂട്ടി സൂപ്രണ്ട് ആനന്ദൻ ആചാരിയിൽ നിന്ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ജയശ്രീ, ക്ഷേത്ര മാനേജർ ജെ. മീനാ കുമാരി തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. അനിൽകുമാർ, ബബിലു ശങ്കർ, റിജിൻ മോഹനൻ, ജോസ് വർഗീസ്, കിഷോർ രമേശൻ, കൊടിക്കയർ നിർമ്മിച്ച ജയിലിലെ അന്തേവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ആറ് മുതൽ 13 വരെ വൈകിട്ട് 4.30നും രാത്രി 8.30നും വിവിധ വാഹനങ്ങളിൽ എഴുന്നള്ളിപ്പ്. അഞ്ച് മുതൽ 13വരെ തുലാഭാരമണ്ഡപത്തിലും നൃത്തമണ്ഡപത്തിലും രാവിലെയും വൈകിട്ടും ക്ഷേത്രകലകളുണ്ടാകും. ഉത്സവ ദിവസങ്ങളിൽ നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളി ഉണ്ടായിരിക്കും. 13നാണ് പള്ളിവേട്ട. 14ന് വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. 14ന് വൈകിട്ട് 5.30ന് പടിഞ്ഞാറെ നടയിൽ നിന്ന് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, ചെറിയ ഉദയേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആറാട്ട് എഴുന്നള്ളത്ത് പടിഞ്ഞാ റെക്കോട്ടയിൽ സംഗമിച്ച് ശംഖുംമുഖത്തേക്ക് പോകും.