തിരുവനന്തപുരം: സമയം രാവിലെ 11.30. സെക്രട്ടേറിയറ്റിലെ പ്രധാന മന്ദിരത്തിന് മുന്നിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വാഹനത്തിൽ നിന്നും ഒരാളിറങ്ങി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചേപ്പാട് സ്വദേശി കാർത്യായനിഅമ്മ. വീടിന്റെ ഉമ്മറത്തെന്നപോലെ കൂളായി ചുറ്റിനും നോക്കി. തന്നെ കാണാനും സംസാരിക്കാനും കൂടി നിന്ന ചാനലുകാരെയും പത്രക്കാരെയും നോക്കി. മുഖത്ത് 96ന്റെ ചെറുപ്പം നിറഞ്ഞ സന്തോഷച്ചിരി വിടർന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന പഠിതാവായ കാർത്യായനിഅമ്മ സാക്ഷരതാ മിഷന്റെ 'അക്ഷരലക്ഷം' നാലാംതരം തുല്യതാ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന്റെ അംഗീകാര പത്രം മുഖ്യന്റെ കൈയിൽ നിന്ന് വാങ്ങാനുള്ള വരവാണിത്. മാർക്ക് 100-ൽ 98.
സാക്ഷരതാ സർട്ടിഫിക്കറ്റ് തരട്ടേ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് തന്നാട്ടെയെന്ന് മറുപടി. ആളുകൊള്ളാലോയെന്ന ഭാവത്താടെ രണ്ടു ചോദ്യത്തിന് ശേഷം സർട്ടിഫിക്കറ്റ് നൽകാമെന്നായി മുഖ്യമന്ത്രി. "പഠിക്കണമെന്ന് തോന്നാൻ കാരണം? "
" പിള്ളാരൊക്കെ പഠിക്കുന്നത് കാണുമ്പോൾ ഒരു പൂതി.
"സാക്ഷരതാ പരീക്ഷ നല്ല മാർക്കിൽ വിജയിച്ചല്ലോ? ഇനിയെന്താ അടുത്ത ലക്ഷ്യം? "
"പത്ത് ജയിക്കണം, പിന്നെ കമ്പ്യൂട്ടർ പഠിക്കണം. '- കാർത്യായനിഅമ്മയുടെ മറുപടിയ്ക്ക് ഉറച്ച
ലക്ഷ്യബോധം .
സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, അസി.ഡയറക്ടർമാരായ ഡോ.വിജയമ്മ, കെ.അയ്യപ്പൻനായർ, ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാർ, കാർത്യായനി അമ്മയുടെ അദ്ധ്യാപികയും സാക്ഷരതാ പ്രേരകായ സതി തുടങ്ങിയവർ പങ്കെടുത്തു.