salary

തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ഒഴിവാക്കണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ മാസത്തെ ആദ്യദിനമായ ഇന്നലെ ശമ്പള വിതരണം മുടങ്ങി.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സെപ്തംബർ 11നും ഒക്ടോബർ 31നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും ഇനിയും പ്രശ്നം കോടതിയിലെത്താനുള്ള പഴുതുകൾ അടച്ച് ബില്ലുകൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നുമുള്ള പ്രസ്താവനയോടെ ഡി.ഡി.ഒ.മാർ ഇന്നലെ വൈകിട്ട് അഞ്ചിന് മുമ്പ് പരിഷ്കരിച്ച ബില്ലുകൾ വീണ്ടും നൽകണമെന്നാണ് സർക്കാർ ബുധനാഴ്ച നൽകിയ നിർദ്ദേശം. ഇത്തരത്തിൽ കറതീർത്തു കൊടുത്ത ബില്ലുകൾ മാത്രമാണ് ട്രഷറികൾ പാസാക്കിയത്. അല്ലാത്തവ മാറ്റിവച്ചു. ഇതോടെ ഭൂരിപക്ഷം ജീവനക്കാർക്കും ശമ്പളം അക്കൗണ്ടിലെത്താതായി. ഇനിയുള്ള ദിവസങ്ങളിലും ഇൗ കുരുക്ക്‌ തുടരുമെന്നാണ് ആശങ്ക.

വിമ്മതപത്രം നൽകാത്ത എല്ലാ ജീവനക്കാരുടെയും മൗനം സമ്മതപത്രമായി എടുക്കുമെന്നാണ് സെപ്തംബർ 11ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇത് സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ഒന്നും പറയാതിരുന്ന ജീവനക്കാരെല്ലാം സമ്മതപത്രം നൽകണമെന്നും അത് ഇന്നലെ വൈകിട്ട് 5 ന് മുമ്പ് നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇൗ കുരുക്ക് മുന്നിൽ കണ്ട് പലരും ഇന്നലെ കാഷ്വൽലീവെടുത്തു. ഫലത്തിൽ വിസമ്മതപത്രം നൽകാത്ത നല്ലൊരുശതമാനം ജീവനക്കാരും പുതിയ സാഹചര്യത്തിൽ വിട്ടുനിൽക്കുന്ന അവസ്ഥയായി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ശമ്പളവിതരണത്തെ തകിടംമറിച്ചത്. എന്നാൽ, ഇന്നലെ 20 ശതമാനത്തിൽ താഴെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ക്രെഡിറ്റാകാതിരുന്നതെന്നാണ് സർക്കാർ പറയുന്നത്.

മൊത്തം ജീവനക്കാർ 4.86 ലക്ഷം

സാലറി ചലഞ്ചിനെ പിന്തുണച്ചത് 2.88 ലക്ഷം

വിട്ടുനിന്നത് 1.96 ലക്ഷം.

ശമ്പളവിതരണം 1 മുതൽ 7 വരെ

ആദ്യദിവസം ശമ്പളം നൽകുന്നത് ആരോഗ്യം, നികുതി, കോടതി,പൊലീസ് വകുപ്പുകളിലെ 89000 ജീവനക്കാർക്ക്

പ്രതിഷേധത്തോടെ സംഘടനകൾ

കോടതി വിധി കാറ്റിൽപറത്തി ജീവനക്കാരുടെ ആകെശമ്പളം വസൂലാക്കാനുള്ള തന്ത്രമാണ്സർക്കാർ മെനയുന്നത്. ബ്ളൂവെയ്ൽ ഗെയിംകുരുക്കുപോലെ ജീവനക്കാരെ സാലറിചലഞ്ചിൽ കുടുക്കാനുള്ള ശ്രമമാണിത്.

-പി.സുനിൽകുമാർ, എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ്

സാലറി ചലഞ്ചിൽ രാഷ്ട്രീയ വിജയം നേടാനുള്ള സർക്കാർ പിടിവാശിയാണ് ശമ്പളവിതരണം മുടങ്ങുന്നത് വരെ കാര്യങ്ങളെത്തിച്ചത്.

-എൻ.കെ.ബെന്നി , എൻ. ജി.ഒ.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി