karyavattom

തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ ജയിച്ചത് ഇന്ത്യൻ ടീമാണെങ്കിലും കണക്ക് കൂട്ടലിൽ വിജയിച്ചത് കുടുംബശ്രീ കഫേക്കാരാണ്. കാരണം രാത്രി വരെ മത്സരമുണ്ടെന്ന് പ്രതീക്ഷിച്ചതിനാൽ അത്താഴത്തിനുള്ള വിഭവങ്ങളുണ്ടാക്കാമെന്നുവരെ കുടുംബശ്രീ പ്രവർത്തകർ കരുതിയിരുന്നു. എന്നാൽ ഉച്ചയോടെ കളിയുടെ ഗതി മനസിലാക്കി പാചകം പതുക്കെയാക്കി. ഉച്ചകഴിഞ്ഞ് മൂന്നു മണിയായപ്പോൾ ഇനി അധിക നേരം മത്സരമുണ്ടാകില്ലെന്നറിഞ്ഞ് അത്താഴത്തിനുള്ള പ്രവർത്തനങ്ങൾ നിറുത്തിവച്ചു.കണക്കുകൂട്ടൽ തെറ്റിയില്ല. വൈകിട്ട് അഞ്ചു മണിയോടെ കളി അവസാനിച്ചു. ഒരു വറ്റുപോലും പാഴാകാതെ കുടുംബശ്രീയും സ്റ്റേഡിയത്തിൽ കസറി. മിതമായ നിരക്കിൽ നൽകിയ കുടുംബശ്രീയുടെ രുചിയൂറും ഭക്ഷണത്തിന് വൻ ഡിമാൻഡായിരുന്നു. കായിക പ്രേമികൾക്ക് രുചിയൂറും വിഭവമൊരുക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നൂറോളം വനിതകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രവർത്തിച്ചത്. സ്റ്റേഡിയത്തിനോട് ചേർന്ന് 8 കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിനായി സജ്ജീകരിച്ചത്. ചായ, സമോസ, കിളിക്കൂട്, ഇലയട, വെജ് റോൾ തുടങ്ങിയ ലഘു ഭക്ഷണങ്ങളിൽ തുടങ്ങി തലശേരി ദം ബിരിയാണി ഉൾപ്പടെ അൻപത് തരം വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജില്ലാ മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കാര്യവട്ടത്ത് ഒരുക്കിയ സെൻട്രൽ കിച്ചനിലാണ് ഭക്ഷണം തയാറാക്കിയത്.ഹരിതചട്ടം അനുസരിച്ച് ഭക്ഷണം വിളമ്പാൻ കരിമ്പിൻചണ്ടി, പാള തുടങ്ങിയവയിൽ നിർമ്മിച്ച പരിസ്ഥിതി സൗഹൃദമായ പ്ലേറ്റുകളും ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ് തുടങ്ങിയവയിൽ പരിശീലനം നേടിയ ഇവർ കഴിഞ്ഞ തവണത്തെ ടി -20 മത്സരങ്ങൾക്കും ഭക്ഷണമൊരുക്കിയിരുന്നു.