ksrtc-workers

തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ അടയ്ക്കുന്നതുൾപ്പടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നവംബർ മാസം മുതൽ വകമാറ്റാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നോൺ ഡിപ്പാർട്ട്മെന്റ് റിക്കവറി, എൽ.ഐ.സി, നാഷണൽ പെൻഷൻ സ്കീം എന്നീ ഇനങ്ങളിലായി മാസം തോറും പിടിക്കുന്ന 10 കോടിയോളം രൂപ കോർപറേഷൻ വക മാറ്റിക്കൊണ്ടിരിക്കുകയാണ്. 500 കോടിയോളം രൂപ ഇതിനകം ഇത്തരത്തിൽ ജീവനക്കാരിൽ നിന്ന് പിടിച്ചത് വക മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളത്തിൽ നിന്ന് റിക്കവറി ചെയ്യുന്ന തുക യഥാസ്ഥാനത്ത് അടയ്ക്കാത്തത് മൂലം നിരവധി ജീവനക്കാർക്ക് എൽ.ഐ.സി പോളിസിയും ആനുകൂല്യവും നഷ്ടപ്പെട്ടിട്ടുണ്ട്. പി.എഫ് തുക വക മാറ്റുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് ഹൈക്കോടതിയിൽ കേസുമായെത്തിയത്. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരനും യൂണിയനംഗങ്ങളും നൽകിയ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനകം പിടിച്ച തുക മുഴുവൻ എന്ന് അടച്ച് തീർക്കുമെന്നും അടക്കാത്തത് മൂലമുണ്ടായ പലിശയും പിഴപ്പലിശയും കെ.എസ്.ആർ.ടി.സി നൽകണമെന്നുള്ള ആവശ്യത്തിൽ മൂന്നാഴ്ച്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി ആവശ്യപ്പെട്ടു.