india

തിരുവനന്തപുരം : ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട് കാണാൻ കാത്തിരുന്നവരെ ലേശം നിരാശപ്പെടുത്തിയെങ്കിലും കാര്യവട്ടം സ്പോർട്സ് ഹബിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 9 വിക്കറ്റിന്റെ വമ്പൻ വിജയം. ഇന്നലെ ഇരു ഇന്നിംഗ്സുകളിലുമായി വെറും 47 ഒാവറുകൊണ്ട് അവസാനിച്ച മത്സരത്തിൽ ഇന്ത്യ ദുർബലരായ വെസ്റ്റ് ഇൻഡീസിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇനി ഇരുടീമുകളും തമ്മിൽ മൂന്ന് ട്വന്റി 20 കളുടെ പരമ്പര നടക്കും.

സ്പോർട്സ് ഹബിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡറുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സന്ദർശകർ ആൾ ഒൗട്ടായത് 31.5 ഒാവറിൽ വെറും 104 റൺസിന്. ഉപ്പുനോക്കാൻ പോലുമില്ലാത്ത സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 14.5 ഒാവറിൽ ലക്ഷ്യം കണ്ടു. നഷ്ടമായത് ശിഖർ ധവാന്റെ വിക്കറ്റ് മാത്രം. രോഹിത് ശർമ്മ (63) അർദ്ധ സെഞ്ച്വറിയുമായും കൊഹ്‌ലി 33 റൺസുമായും പുറത്താകാതെനിന്ന് ഇന്ത്യൻ വിജയം അനായാസമാക്കി.

റണ്ണൊഴുകുമെന്ന് പ്രവചിക്കപ്പെട്ട പിച്ചിൽ വിൻഡീസിനെ പിച്ചിച്ചീന്തിയതിന്റെ ക്രെഡിറ്റ് ഇന്ത്യൻ പേസർമാർക്കും സ്പിന്നർമാർക്കും ഒരേപോലെയായിരുന്നു.

ആദ്യ ഒാവറിൽ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ തുടങ്ങിവച്ച വേട്ട

ബുംറയും ഖലീൽ അഹമ്മദും രവീന്ദ്രജഡേജയും കുൽദീവ്

യാദവും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. ജഡേജ 9.5 ഒാവറിൽ ഒരു മെയ്‌‌ഡനടക്കം 34 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയ്ക്കും ഖലീലിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു ഭുവനേശ്വർ, കുൽദീവ് എന്നിവർ ഒാരോ വിക്കറ്റ് വീതം നേടി.

മാൻ ഒഫ് ദ മാച്ച്

രവീന്ദ്ര ജഡേജ

9.5 ഒാവറിൽ ഒരു മെയ്‌ഡൻ, നാലുവിക്കറ്റ്,​ വഴങ്ങിയത് 34 റൺസ് മാത്രം. ഫോമിലേക്ക് ഉയരാൻ ശ്രമിച്ച മർലോൺ സാമുവൽസിന്റെ വിക്കറ്റ് നിർണായകമായി. വിൻഡീസ് നിരയിലെ ഏറ്റവും അപകടകാരിയായ ഹെട്‌മെയറെ പുറത്താക്കിയതും ജഡേജയാണ്.

മാൻ ഒഫ് ദ സിരീസ്

വിരാട് കൊഹ്‌ലി

അഞ്ച് മത്സരങ്ങളിൽനിന്ന് 453 റൺസ്. മൂന്ന് സെഞ്ച്വറികൾ. ഉയർന്ന സ്കോർ 157 നോട്ടൗട്ട്. ബാറ്റിംഗ് ശരാശരി 151.52 ഫോറുകൾ. 7 സിക്സുകൾ.

കാര്യവട്ടം ഭാഗ്യ സ്റ്റേഡിയം

. കാര്യവട്ടത്ത് ഇന്ത്യയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിജയമാണിത്.

. കഴിഞ്ഞ നവംബറിൽ ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലൂടെയാണ് സ്പോർട്സ് ഹബിന്റെ അരങ്ങേറ്റം.

. അന്ന് മഴ കാരണം എട്ടോവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

ഇന്നലെയും ഒരു മുഴുവൻ മത്സരം കാണാമെന്ന ആരാധകരുടെ ആഗ്രഹം നടന്നില്ല.

. 55000 ത്തോളം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്റെ 90 ശതമാനത്തിലേറെ കാണികളെത്തി.