കാര്യവട്ടം : സ്പോർട്സ് ഹബ് നീല സാഗരമാക്കിയ ജനക്കൂട്ടത്തിന് ഒറ്റക്കാര്യത്തിലെ നിരാശയുണ്ടായിരുന്നുള്ളൂ. എല്ലാം പെട്ടെന്ന് തീർന്നുപോയതിൽ. റണ്ണൊഴുകുമെന്ന് കരുതിയ പിച്ചിൽ ഇന്ത്യ 300 ലേറെ റൺസ് അടിച്ചുകൂട്ടുന്നതും കൊഹ്ലിയും രോഹിത്തുമൊക്കെ സെഞ്ച്വറി നേടുന്നതും സ്വപ്നം കണ്ടുവന്നവർക്ക് വിൻഡീസ് ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം സന്തോഷമല്ല, ആവേശ നഷ്ടമാണുണ്ടാക്കിയത്. ഒരു ഘട്ടത്തിൽ കൊഹ്ലിക്ക് സെഞ്ച്വറിയടിക്കാനുള്ള സ്കോറെങ്കിലും വിൻഡീസ് ഉണ്ടാക്കിവയ്ക്കട്ടെ എന്നുകരുതി പ്രാർത്ഥിച്ചവരും ഏറെ. ചെറുത്തുനിൽക്കാൻ പോലും ധൈര്യം കിട്ടാതെ ഇൗയാംപാറ്റകളായി വിൻഡീസുകാർ എരിഞ്ഞടങ്ങിയപ്പോൾ 100 കടക്കുമോ എന്നുപോലും സംശയമുണ്ടായിരുന്നു.
കാണികളുടെ നിരാശ അല്പമെങ്കിലും അകറ്റിയത് രോഹിതിന്റെ സിക്സറുകളും കൊഹ്ലിയുടെ ബൗണ്ടറികളുമാണ്. രോഹിത് നാല് കൂറ്റൻ സിക്സും അഞ്ച് ഫോറുമാണ് കാര്യവട്ടത്ത് പായിച്ചത്. കൊഹ്ലി ആറ് ഫോർ പായിച്ചു
കാര്യവട്ടത്ത് ഇന്ത്യയ്ക്കായിരുന്നു ആദ്യ ബാറ്റിംഗ് എങ്കിൽ കളി കുറേക്കൂടി ആവേശകരമായേനെയെന്ന് ആരാധകർ കരുതുന്നു. അങ്ങനെയെങ്കിൽ നിഷ്പ്രയാസം 300 ലേറെ റൺസ് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞേനെ. ആദ്യ പത്തോവർ ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ പിന്നീടങ്ങോട്ട് അടിച്ചുപറത്താനാകുമെന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ തെളിയിച്ചതുമാണ്. എന്നാൽ ടോസ് കിട്ടിയിരുന്നെങ്കിലും ഇന്ത്യ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നുവെന്നത് മറ്റൊരു കാര്യം. ആദ്യം ബൗൾ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് മത്സരശേഷം കൊഹ്ലി തന്നെയാണ് വെളിപ്പെടുത്തിയത്.