പോത്തൻകോട്: മൺവിളയിലെ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരുടെ ജീവനും ജീവിതവുമായിരുന്ന സ്ഥാപനം അഗ്നിബാധയിൽ തകർന്നതറിഞ്ഞ് വാവിട്ടു കരഞ്ഞുകൊണ്ടാണ് തൊഴിലാളികൾ മാനേജിംഗ് ഡയറക്ടർ സിൻസൺ ഫെർണാണ്ടസിനെ കാണാനെത്തിയത്. സാരിത്തലപ്പിനാൽ കണ്ണീർ തുടച്ചുകൊണ്ട് അവർ പറഞ്ഞത് തങ്ങളുടെ അന്നവും കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ഭാവിയും എല്ലാം ഈ കമ്പനിയെന്നാണ്. സംഭവ ദിവസം വൈകിട്ടത്തെ ഷിഫ്റ്റ് കഴിഞ്ഞ് ഏഴു മണിയോടെ സ്വന്തം വീടുകളിൽ എത്തിയപ്പോഴാണ് ടെലിവിഷനിലൂടെയും സുഹൃത്തുക്കൾ പരസ്പരം വിളിച്ചു പറഞ്ഞും അഗ്നിബാധയെക്കുറിച്ചറിയുന്നത്. ഇല്ലായ്മകളുടെ നടുവിൽ നിന്നെത്തുന്ന തൊഴിലാളികളെ ഓരോരുത്തരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന ചിറയിൻകീഴ് സ്വദേശിയായ സ്ഥാപന ഉടമ സിൻസൺ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ചെയ്ത് കൊടുക്കുന്ന സഹായങ്ങൾക്ക് കണക്കില്ലെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥാപനത്തിലെ തൊഴിലാളികളുടെ കുട്ടികളുടെ പഠനോപകരണങ്ങൾക്കും മറ്റ് വിദ്യാഭ്യാസ ചെലവുകൾക്കും കൈയയച്ച സഹായമാണ് സ്ഥാപന ഉടമ നൽകുന്നത്. ജീവനക്കാരുടെയും ജീവനക്കാരുടെ മക്കളുടെയുമെല്ലാം വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും സിൻസൺ സഹായവുമായെത്താറുണ്ട്. പ്രയാസമുള്ള കുടുംബങ്ങളിലെ അസുഖ ബാധിതരെ സഹായിക്കാനും മാനേജിംഗ് ഡയറക്ടർ വിമുഖത കാട്ടാറില്ലെന്ന് ജീവനക്കാർ പറയുന്നു. കമ്പനി പഴയ രീതിയിൽ പുനർ നിർമ്മിക്കുമോ, തങ്ങൾക്ക് ജോലി ലഭിക്കുമോ തുടങ്ങിയ ആശങ്കയും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കുണ്ട്. 1998ൽ ഡാനിയൽ ഫെർണാണ്ടസാണ് കമ്പനി ആരംഭിക്കുന്നത്. സഹോദര പുത്രൻ സിൻസൺ ഫെർണാണ്ടസാണ് മൺവിളയിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി മുന്നിൽ നിന്ന് നയിക്കുന്നത്. 22 രാജ്യങ്ങളിലേക്ക് 700 ഒാളം തരം പ്ലാസ്റ്രിക് ഉത്പന്നങ്ങളാണ് ഇിവിടെ നിന്ന് കയറ്റി അയയ്ക്കുന്നത്.