perunguzhi

ചിറയിൻകീഴ്: പെരുങ്ങുഴി പോസ്റ്റ് ഓഫീസിന്റെ ദുരിതം ഒഴിയുന്നില്ല. ഇടപാടുകാർക്ക് ഇപ്പോഴും കടത്തിണ്ണ തന്നെ ആശ്രയം.പെരുങ്ങുഴി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിലാണ് ഈ ദുരിതം. നിന്നുതിരിയാനിടമില്ലാത്തതാണ് പ്രധാന പ്രശ്നം. പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച പോസ്റ്റാഫീസ് സ്വകാര്യ വ്യക്തിയുടെ കുടുസുമുറികളിലാണ് പ്രവർത്തിക്കുന്നത്. ദിവസേനെ നൂറുകണക്കിന് തപാൽ ഉരുപ്പടികളും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളും ധാരാളം പോസ്റ്റ് ലൈഫ് ഇൻഷ്വറൻസും പോസ്റ്റാഫീസ് വഴി നടക്കുന്നു. കൂടാതെ നിരവധി മഹിള പ്രധാൻ ഏജന്റും ഉണ്ട്. രാവിലെ 9മുതൽ ഉച്ചയ്ക്ക് 2 മണിവരെ കൗണ്ടറിൽ നല്ല തിരക്കാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് സ്വസ്ഥമായി ഒന്നു നിൽക്കാനോ ഇരിക്കാനോ സ്ഥലമില്ല. റോഡ് വക്കിലെ മന്ദിരത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റാഫീസിലെ കൗണ്ടറിൽ കഷ്ടിച്ച് നിൽക്കാം അത്രതന്നെ.

റോഡിൽ നിന്നും മൂന്ന് നാല് പടവുകൾ കയറി വേണം ഇവിടെയെത്താൻ. കൗണ്ടറിന് മുമ്പിലെ സ്ഥലക്കുറവും പിന്നെ പടവുകളും കാരണം ക്യൂ പോലും സാദ്ധ്യമല്ല.ഓഫീസിന്റെ മുൻവശത്ത് ഓടയുണ്ട്.നെറ്റ് ഉപയോഗിച്ച് വേലി കെട്ടിയതാണ് ഏക ആശ്വാസം. അല്ലെങ്കിൽ കണ്ണ് തെറ്റി ഓടയുടെ സ്ളാബിൽ വീഴും. ഓഫീസിനകത്തെ അവസ്ഥയും വിഭിന്നമല്ല. ആകെയുള്ള ചെറിയ രണ്ട് മുറികളിൽഅലമാരയും മേശയും കസേരയും ആകെക്കൂടി സ്ഥലപരിമിതി സൃഷ്ടിക്കുകയാണ്.

പോസ്റ്റ് മാസ്റ്ററടക്കം ഏഴ് ജീവനക്കാരാണ് ഇവിടെയുളളത്. അവർക്കും പലപ്പോഴും നിന്നു തിരിയാൻപോലും സ്ഥലം കിട്ടാറില്ല. പെരുങ്ങുഴി പോസ്റ്റാഫീസിന് കീഴിലാണ് അഴൂർ, ശാസ്തവട്ടം എന്നീ ഉപ പോസ്റ്റാഫീസുകൾ പ്രവർത്തിക്കുന്നത്. അവിടത്തെ ജീവനക്കാർകൂടി വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുമ്പോൾ പ്രശ്നം രൂക്ഷമാകും.ഇതിനെല്ലാം പരിഹാരമായി ഒരു പുതിയ പോസ്റ്റ് ഓഫീസ് മന്ദിരം വേണമെന്ന ആവശ്യം അധികൃതരുടെ ഫയലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.