അൻസാർ.എസ്.രാജ്
തിരുവനന്തപുരം : വിരാടിന്റെ സെഞ്ച്വറിയോ, വമ്പൻ ഇന്ത്യൻ സ്കോറോ ഒന്നുമുണ്ടായില്ല കാര്യവട്ടത്ത്. വലിയ വിക്കറ്റ് മാർജിനിലെ വിജയത്തിനുമപ്പുറത്തേത് സിരകളെ തീപിടിപ്പിക്കുന്ന മത്സരമാക്കി മാറ്റാൻ കഴിയാതെ പോയതെന്നുവേണം പറയാൻ. ടോസ് നേടിയെടുത്ത തീരുമാനം തെറ്റിയതുമുതൽ വിൻഡീസിനെ നിർഭാഗ്യദേവത വലയം ചെയ്യുകയായിരുന്നു. ആദ്യ ഒാവർ മുതൽ വിക്കറ്റ് വീഴ്ച തുടങ്ങി 32 ഒാവർകൊണ്ട് പത്തുപേരും മടങ്ങി. നിരുത്തരവാദപരമായ ഷോട്ടുകളിലൂടെ ഇന്ത്യൻ ബൗളർമാർക്ക് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു മിക്ക വിൻഡീസുകാരും പോരാട്ടത്തിനുള്ള മനക്കരുത്തില്ലാത്ത വിൻഡീസ് കാര്യവട്ടത്തെത്തിയ ആയിരങ്ങളെ കൂടിയാണ് നിരാശരാക്കിയത്
ടോസ് നേടിയ ജാസൺ ഹോൾഡർ ആദ്യ ബാറ്റിംഗിനിറങ്ങാനെടുത്ത തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ ബൗളിംഗ്. ആദ്യ ഒാവറിൽ ആദ്യ റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ സന്ദർശകർ അതിന്റെ ആഘാതത്തിൽ നിന്ന് അവസാനം വരെ കരകയറികയറിയതുമില്ല.രണ്ടാം റൺസിൽ രണ്ടാം വിക്കറ്റും വീണപ്പോൾ ബ്രബോൺ സ്റ്റേഡിയത്തിലെ വിൻഡീസ് ബാറ്റിംഗ് ദുരന്തത്തിന്റെ ആവർത്തനം കാര്യവട്ടത്തും പ്രതീക്ഷിക്കാമെന്നുറപ്പായി.
ഭുവനേശ്വറിന്റെ കൃത്യതയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നൽകിയത്. ആദ്യ ഒാവറിലെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. ഒാഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തിൽ ബാറ്റുവച്ച കീരൺ പവലിനെ(0) വിക്കറ്റിന് പിന്നിൽ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. ആദ്യ ഒാവർ പിന്നിടുമ്പോൾ വിൻഡീസ് 1/1 എന്ന നിലയിലായിരുന്നു.
രണ്ടാം ഒാവർ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തിൽ ഷാനെ ഹോപ്പിനെ(0) ബൗൾഡാക്കി രണ്ടാം വിക്കറ്റും നേടി.ബുംറയുടെ ഒൗട്ട്സ്വിംഗർ ഹോപ്പിന്റെ ഒാഫ ്സ്റ്റംപിന് മുകളിലെ ബെയിൽസിളക്കുകയായിരുന്നു.ഇതോടെ വിൻഡീസ് 2/2 എന്ന നിലയിലായി. ഫസ്റ്റ് ഡൗണായിറങ്ങിയ മർലോൺ സാമുവൽസ് അൽപ്പനേരം പിടിച്ചുനിന്നു.സ്പിന്നർ രവീന്ദ്ര ജഡേജയെത്തിയതോടെ സാമുവൽസിന്റെ കളിയും കഴിഞ്ഞു.12-ാം ഒാവറിൽ ജഡേജയുടെ പന്തിൽ എക്സ്ട്രാകവറിൽ കൊഹ്ലിക്ക് ഇൗസി ക്യാച്ച് സമ്മാനിക്കുകയായിരിന്നു സാമുവൽസ്. 38 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 24 റൺസുമായി സാമുവൽസ് മടങ്ങുമ്പോൾ വിൻഡീസ് സ്കോർ ബോർഡിൽ ആകെയുണ്ടായിരുന്നത് 36 റൺസായിരുന്നു.
തുടർന്ന് കുത്തഴിഞ്ഞ ചീട്ടുകെട്ടുപോലെ വിൻഡീസ് വിക്കറ്റുകൾ ഉൗർന്നുകൊണ്ടേയിരുന്നു. പരമ്പരയിൽ മികവ് കാട്ടിയിരുന്ന യുവതാരം ഹെട്മെയർ (9) പുറത്തായത് പതിനാറാം ഒാവറിലാണ്.ജഡേജയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയ ഹെട്മെയറുടെ വിക്കറ്റ് റിവ്യൂവിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്. യുവ പേസർ ഖലീൽ അഹമ്മദ് 17-ാം ഒാവറിൽ റോവ്മാൻ പവലിനെയും (16) ബുംറ 21-ാം ഒാവറിൽ ഫാബിയൻ അലനെയും (4) കൂടാരം കയറ്റിയതോടെ വിൻഡീസ് 66/6 എന്ന നിലയിലായി.
ഒരറ്റത്ത് പിടിച്ചുനിന്ന ക്യാപ്ടൻ ഹോൾഡറും (25) 26-ാം ഒാവറിൽ മടങ്ങി. 33 പന്തുകൾ നേരിട്ട ഹോൾഡർ രണ്ട് ബൗണ്ടറികളടക്കമാണ് വിൻഡീസിന്റെ ടോപ്സ്കോററായത്.ഖലീലിന്റെ പന്തിൽ കേദാറിനുതന്നെ ക്യാച്ച് നൽകിയാണ് വിൻഡീസ് നായകൻ മടങ്ങിയത്. തുടർന്ന് സ്പിന്നർമാർ വിൻഡീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.കുൽദീപ് കീമോ പോളിനെ(5) പുറത്താക്കിയപ്പോൾ ജഡേജ കെമർ റോഷിനെയും (5) ഒഷാനെ തോമസിനെയും (0) മടക്കിയയച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ആദ്യ ഒാവർ രോഹിത് മെയ്ഡനാക്കി.രണ്ടാം ഒാവറിൽ ശിഖർ ധവാൻ ഒഷാനെ തോമസിനെ ബൗണ്ടറി പറത്തിയതിന് പിന്നാലെ ബൗൾഡായി.പകരമിറങ്ങിയ കൊഹ്ലി നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറികടത്തി. നാലാം ഒാവറിൽ കൊഹ്ലിയുടെ ക്യാച്ച് ഹോൾഡർ കൈവിടുകയും ചെയ്തു.എട്ടാം ഒാവറിൽ ഒഷാനെ തോമസിന്റെ പന്തിൽ രോഹിതിനെ ഹോൾഡർ ക്യാച്ചെടുത്തെങ്കിലും അത് നോബാളായിരുന്നു. ഫ്രീഹിറ്റിലും രോഹിത് ക്യാച്ച് നൽകി വിൻഡീസിനെ കൊതിപ്പിച്ചു.
ആദ്യ പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ 52/1 എന്ന നിലയിലായിരുന്നു.11-ാം ഒാവറിൽ ബൗളിംഗിനെത്തിയ ഹോൾഡറെ ആദ്യ രണ്ട് പന്തുകളിലും സിക്സിനു പറത്തി രോഹിത് വേഗംകൂട്ടി.അടുത്ത ഒാവറിൽ രോഹിത് അർദ്ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു.15-ാം ഒാവറിൽ സിംഗിളിലൂടെ വിജയ റൺ നേടിയതും രോഹിതാണ്.
ക്യാപ്ടൻ സ്പീക്കിംഗ്
മത്സരശേഷം ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി പറഞ്ഞത്.
'ടോസ് കിട്ടിയാൽ ബൗളിംഗ് തിരഞ്ഞെടുക്കാൻ തന്നെയാ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള വിൻഡീസിന്റെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. ഒരുപക്ഷേ ഞങ്ങളെ ആദ്യ ബാറ്റിംഗിനയച്ച് വലിയ സ്കോർ ഉയർത്തിയാൽ നാലാം ഏകദിനത്തിലേതുപോലെ സംഭവിക്കുമോ എന്ന് അവർ ഭയന്നിട്ടുണ്ടാകും."
''ഇൗ പരമ്പരയിലെ മറ്റു പിച്ചുകളെപ്പോലെ ബാറ്റിംഗിന് മാത്രം അനുകൂലമായ വരണ്ട പിച്ചല്ല കാര്യവട്ടത്തേത്. ആദ്യ പത്തോവർ ഇരു ഇന്നിംഗ്സുകളിലും ബൗളർമാർക്ക് പിന്തുണ നൽകും."
'എപ്പോൾ ബാറ്റിംഗിനിറങ്ങിയാലും ആദ്യ പത്തോവർ വിക്കറ്റ് പോകാതെ പിടിച്ചുനിൽക്കണം എന്ന് മാത്രമേ ലക്ഷ്യമിട്ടിരുന്നുള്ളൂ. പിന്നീട് പിച്ച് വമ്പനടിക്ക് വഴി തുറക്കുമായിരുന്നു. വിൻഡീസിന് അതാണ് തിരിച്ചറിയാൻ പറ്റാതെ പോയത്."
'ട്വന്റി 20 പരമ്പരയിൽ ധോണിയെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കരിയർ അവസാനിക്കുന്നതാെന്ന് കരുതാനാവില്ല പുതിയ ആളുകൾക്ക് പരിചയത്തിന് വേണ്ടിയാണ് ധോണിയെ ഒഴിവാക്കിയത്. അടുത്ത ഏകദിന ലോകകപ്പിൽ ധോണിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തെ ഒഴിവാക്കിയതിനെച്ചൊല്ലി അനാവശ്യകഥ പ്രചരിക്കുകയാണ്.