തിരുവനന്തപുരം : ദേവസ്വം ബോർഡുകളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണത്തിന് ദേവസ്വം ബോർഡുകൾ തയ്യാറാക്കിയ സ്പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചു. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ ഒഴിവുകളിലാണ് നടപ്പാക്കുന്നത്. മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നങ്കിലും ഭരണഘടനാ വിരുദ്ധമാകുമെന്ന നിയമോപദേശത്തെ തുടർന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു.
ദേവസ്വം നിയമനങ്ങളിൽ ഹിന്ദുക്കളിലെ സംവരണ വിഭാഗങ്ങൾക്കായി 32% സംവരണമാണ് ഉണ്ടായിരുന്നത്. അഹിന്ദുക്കൾക്ക് നിയമനം നൽകാത്തതിനാൽ അവർക്കുള്ള 18 ശതമാനം ഓപ്പൺ മെറിറ്റിലേക്ക് മാറിയിരുന്നു. നിലവിലെ 32 ശതമാനം സാമുദായിക സംവരണത്തിലും ഇതുപ്രകാരം വർദ്ധനവ് ഉണ്ടാകും. 14 ശതമാനം സംവരണമുള്ള ഈഴവ വിഭാഗത്തിന് ഇതോടെ 17ശതമാനം സംവരണം ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന്റെ സംവരണം എട്ടിൽ നിന്ന് 10 ആയി ഉയരും. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 3 ശതമാനം സംവരണം ഇരട്ടിയായി വർധിപ്പിച്ച് 6 ശതമാനമാക്കും. 50 ശതമാനം സംവരണം എന്ന വ്യവസ്ഥ മറികടക്കാതെ ഓപ്പൺ മെറിറ്റിൽ അധികമായി വന്ന 18 ശതമാനത്തിൽ ഉൾപെടുത്തി പിന്നാക്കക്കാരുടെയും ദളിതരുടെയും സംവരണം വർദ്ധിപ്പിക്കുകയും ഒപ്പം മുന്നാക്കക്കാരിലെ നിർദ്ധനർക്ക് കൈത്താങ്ങ് നൽകുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി .