തിരുവനന്തപുരം: മൺവിളയിൽ കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിൽ പൊലീസ് ഫോറൻസിക് വിദഗ്ദ്ധർ ഇന്ന് തെളിവെടുപ്പ് നടത്തും. ശക്തമായ ചൂടും പുകയും കാരണം ഇന്നലെ ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. തീപിടിത്തത്തെക്കുറിച്ചന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ആദിത്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വൈദ്യുതി ഷോർ‌ട്ട് സർക്യൂട്ടും പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളുടെ സാന്നിദ്ധ്യവുമാണ് വൻ തീപിടിത്തത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ പ്രസാദിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത് .ഷോർട്ട് സർക്യൂട്ടും അഗ്നിസുരക്ഷാ കാര്യത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുമാണ് വൻ തീപിടിത്തത്തിന് കാരണമെന്നാണ് ഇന്നലെ കമ്പനിയിൽ തെളിവെടുപ്പ് നടത്തിയ ഫാക്ടറീസ് ആന്റ് ബോയിലേഴ്സും മലിനീകരണ നിയന്ത്രണ ബോർഡും പ്രാഥമികമായി കണ്ടെത്തിയത്. ഇന്നും ഇവരുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടക്കും. അതിനുശേഷമാകും അന്തിമതീരുമാനം. കമ്പനിയുടെ രണ്ട് കെട്ടിടങ്ങൾ പൂർണമായും തീപിടിത്തതിൽ നശിച്ചിരുന്നു. അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായതായാണ് കമ്പനി വെളിപ്പെടുത്തിയതെങ്കിലും 40 കോടിയുടെ നാശനഷ്ടമുണ്ടായതാണ് ഔദ്യോഗിക കണക്ക്.