കോട്ടയം: ശബരിമല ദർശനത്തിനുപോയ അയ്യപ്പ ഭക്തനെ ദുരൂഹ സാഹചര്യത്തിൽ നിലയ്ക്കലിനു സമീപം കമ്പകത്ത് വളവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ്(60) ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

ഹർത്താൽ ആഹ്വാനം ചെയ്തതോടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും വളരെ ചുരുക്കമായേ നിരത്തിലിറങ്ങിയിട്ടുള്ളു. ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും സർവീസ് നിർത്തിവച്ചു. സ്വകാര്യ ബസുകളും കെ.എസ്.ആർ.

ടി.സി ബസുകളും സർവീസ് നി‌ർത്തിവച്ചു. എന്നാൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ചുരുക്കമായി സർവീസ് നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പോലും കടകൾ അടഞ്ഞുകിടക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.

അതേസമയം ശിവദാസന്റെ മരണത്തിന് നിലക്കലിൽ നടന്ന പൊലീസ് നടപടിയുമായി ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി.ടി നാരായണൻ പറഞ്ഞു.19ാം തീയതി ശിവദാസൻ വീട്ടിലേക്ക് ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഒക്ടോബർ 18ന് രാവിലെയാണ് ശിവദാസൻ സ്കൂട്ടറിൽ ശബരിമല ദർശനത്തിന് പോയത്. ലോട്ടറി കച്ചവടക്കാരനായ ഇയാൾ എല്ലാ മാസവും ശബരിമലയിൽ ദർശനത്തിന് പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ആർ.ഡി.ഒയുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.