തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ അയ്യപ്പൻമാരുടെ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എങ്ങനെ തീർത്ഥാടനം നടത്തണമെന്ന് സർക്കാരിന് നിർദ്ദേശിക്കാനാവില്ല. പൊലീസ് നിയന്ത്രണം ഭക്തരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാവും.
യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി മാറുന്നു. അവകാശങ്ങൾ നിഷേധിക്കാതെ ഭക്തർക്ക് സൗകര്യമൊരുക്കണം. തീർത്ഥാടന കാലത്തേക്ക് മുന്നൊരുക്കങ്ങൾ നടക്കുന്നില്ല. മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ പൊലീസ് മാറുന്നത് പ്രതിഷേധാർഹമാണ്.
സമാധാനം നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് നാളെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹം സംഘടിപ്പിക്കും.
കേരളപ്പിറവി ദിനത്തിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ചരിത്രത്തിൽ ആദ്യമാണ്. ധിക്കാരപരമായ സമീപനമാണ് ഈ സാഹചര്യമുണ്ടാക്കിയത്.
പ്രളയാനന്തര സഹായം അർഹർക്ക് കിട്ടിയിട്ടില്ല. നവകേരള നിർമാണത്തിനുള്ള ഉപദേശക സമിതിയുടെ ആദ്യ യോഗത്തിൽ കാര്യമായ ചർച്ച നടന്നില്ല. 13ന് ചേരുന്ന യു.ഡി.എഫ് യോഗം ബദൽ നിർദ്ദേശങ്ങൾ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.