light

കിളിമാനൂർ: രാത്രികാലങ്ങളിൽ കിളിമാനൂരിൽ വന്നിറങ്ങുന്നവർ കൈയിൽ ടോർച്ചോ, മെഴുകുതിരിയോ കരുതിയില്ലെങ്കിൽ പെട്ടത് തന്നെ. പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രി കാലങ്ങളിൽ ഇതു വഴിയുള്ള കാൽ നട സഞ്ചാരം ദുസഹം തന്നെ. സംസ്ഥാന പാതയിലുടനീളം തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഇപ്പോൾ വള്ളി ചെടികൾ പടർന്നും, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ പരസ്യവും,, സിനിമാ പോസ്റ്ററുകൾ പതിക്കുനതിനും വേണ്ടിയുള്ള സ്ഥലമായി മാറി. കെ.എസ്.ടി.പി സംസ്ഥാന പാത നവീകരണത്തോടനുബന്ധിച്ച് ജോലികൾ തുടങ്ങിയതോടെയാണ് ലൈറ്റുകൾ കത്താതായത്. കെ.എസ്.ടി.പി തന്നെ സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറിയിട്ടുള്ള ഈ വഴി വിളക്കുകളുടെ സംരക്ഷണ, നവീകരണ ചുമതലയും പഞ്ചായത്തിനാണുള്ളതെന്ന് കെ.എസ്.ടി പി. അധികൃതരും പറയുന്നു.

നിലവിൽ തെരുവ് വിളക്കുകൾ കത്താത്തതിന് പരാതിയുമായി ചെന്നാൽ, പഞ്ചായത്ത്, കെ.എസ്.ഇ.ബിയെയും, കെ.എസ്.. ഇ.ബി കെ.എസ്.ടിപി യെയും പഴി ചാരുന്ന അവസ്ഥയുമാണുള്ളത്. ബുദ്ധിമുട്ടുന്നതാകട്ടെ ജനങ്ങളും. ദിവസേന നിരവധി അപകടങ്ങൾ നടക്കുന്ന സംസ്ഥാന പാതയിൽ വെളിച്ച കുറവും അപകടങ്ങൾക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ടെന്ന് പൊലീസും പറയുന്നു. കെ.എസ്.ടി.പിയുടെ റോഡ് പണി അനന്തമായി നീളുകയും റോഡുകളിൽ മിക്കയിടത്തും കട്ടിംഗുകളും, ഡിവൈഡറുകളിൽ റിഫ്ലക്ടർ വൈറ്റ് ഇല്ലാത്തതും, ഡിവൈഡറുകൾക്ക് ഉയരമില്ലാത്തതും, ഇതിനൊപ്പം തെരുവ് വിളക്കുകൾ കൂടി കത്താതിരിക്കുമ്പോൾ അപകടം വർദ്ധിക്കുന്നു. രാത്രിയിൽ ഇവിടെ സാമൂഹ്യ വിരുദ്ധരുടെയും, തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്.

ജിവനും, സ്വത്തിനും ഭീഷണി നേരിടുന്ന യാത്രക്കാരുടെയെല്ലാം ആവശ്യം തെരുവ് വിളക്കുകൾ കത്തിക്കാൻ അധികൃതർ ഇനിയെങ്കിലും മിഴി തുറക്കണേ എന്നാണ്.