തിരുവനന്തപുരത്ത് മൺവിളയിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ളാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ വലിയൊരു ഭാഗവും അവിടെ സൂക്ഷിച്ചിരുന്ന കോടിക്കണക്കിനു രൂപയ്ക്കുള്ള ഉത്പന്നങ്ങളും ബുധനാഴ്ച രാത്രി ഉണ്ടായ വൻ അഗ്നിബാധയിൽ വെണ്ണീറായി. രണ്ടാം ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന നൂറ്റി ഇരുപതോളം ജീവനക്കാരും സമീപവാസികളും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയതിനാൽ ആളപായമൊന്നും ഉണ്ടായില്ല. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള അൻപതോളം അഗ്നിശമന യൂണിറ്റുകൾ പതിന്നാലു മണിക്കൂർ നീണ്ട അത്യദ്ധ്വാനത്തിലൂടെയാണ് തീ അണച്ചത്. അഗ്നിരക്ഷാസേനയിലെ നാനൂറ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും ഒഴുക്കിയ വിയർപ്പിന്റെയും ഫലമായിട്ടാണ് വ്യാഴാഴ്ച പ്രഭാതത്തോടെ തീ പൂർണമായും കെട്ടടങ്ങിയത്. അഗ്നിരക്ഷാ പ്രവർത്തകർക്ക് സഹായം നൽകാൻ പൊലീസ് സേനാംഗങ്ങൾക്കു പുറമേ എന്തിനും തയ്യാറായി ചുറുചുറുക്കുള്ള നാട്ടുകാരുമുണ്ടായിരുന്നു. തീ സമീപ പ്രദേശങ്ങളിലേക്ക് ആളിപ്പടരാതിരിക്കാൻ ഇവരുടെ കൂട്ടായ ശ്രമമാണു സഹായിച്ചത്. എളുപ്പം തീ പിടിക്കുന്ന പ്ളാസ്റ്റിക്കിനൊപ്പം നിർമ്മാണ യൂണിറ്റിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും ഇന്ധനവും മറ്റ് അസംസ്കൃത വസ്തുക്കളുമെല്ലാം കൂടി അപകട സാദ്ധ്യത പല മടങ്ങായിട്ടും ജീവനാശമുണ്ടാകാതെ തീ അണയ്ക്കാനായത് അങ്ങേയറ്റം ആശ്വാസമായി. അഞ്ചും മൂന്നും നിലകളുള്ള രണ്ട് കെട്ടിടങ്ങൾ തീപിടിത്തത്തിൽ പൂർണമായും തകർന്നിട്ടുണ്ട്. എല്ലാം കൂടി നാല്പതു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഗുരുതര സ്വഭാവത്തിലുള്ള അഗ്നിബാധ സംസ്ഥാനത്ത് അപൂർവമല്ലെങ്കിലും മറ്റ് അത്യാഹിതങ്ങൾ പോലെ അവ അധികം ചർച്ചാവിഷയമാകാത്തത് ഏറ്റവും കുറവ് ആൾനാശത്തിന്റെ പേരിലാകും. തീപിടിത്തമുണ്ടായാൽ ഉടൻ ഓടി എത്താറുള്ള അഗ്നിരക്ഷാസേനക്കാർ കഠിനാദ്ധ്വാനം ചെയ്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കും. അഗ്നിവലയത്തിൽ കുടുങ്ങിപ്പോകുന്നവരെ സാഹസികമായി അവർ രക്ഷപെടുത്തും. സമീപപ്രദേശങ്ങളിലേക്കു തീ വ്യാപിക്കാതിരിക്കാൻ വേണ്ട കരുതൽ നടപടികളെടുക്കും. ദൗത്യം പ്രശംസാർഹമായി പൂർത്തിയാക്കി സ്ഥലം വിടുന്ന അഗ്നിരക്ഷാസേനയുടെ സേവനം അതു കണ്ടുനിൽക്കുന്നവരിൽ മാത്രമാണ് പലപ്പോഴും ആദരവും പ്രശംസയും പിടിച്ചുപറ്റാറുള്ളത്. വിരലിൽ മോതിരം കുടുങ്ങിയാൽ പോലും വിളിച്ചാൽ ഓടിയെത്തി സഹായിക്കുന്ന അഗ്നിരക്ഷാ സേനയുടെ വിലപ്പെട്ട സേവനം അവർ അർഹിക്കുന്ന തരത്തിൽ അംഗീകരിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. വിവിധ സേനാവിഭാഗങ്ങളിൽ ഏറെ പിൻനിരയിലാണ് അവരുടെ സ്ഥാനം. സർക്കാരിന്റെ കൃപാകടാക്ഷവും അപൂർവമായി മാത്രമേ അവരിൽ പതിയാറുള്ളൂ. സർക്കാരിന് അനഭിമതരായ പൊലീസ് മേധാവികളെ കുടിയിരുത്താനുള്ള ഇടമായി അഗ്നിരക്ഷാ സേന പലപ്പോഴും മാറുന്നു. അഗ്നിരക്ഷാ സേനയുടെ തലപ്പത്തു നിയോഗിക്കപ്പെടുന്നവരിലും കാണാം ഒരു തരത്തിലുള്ള അപകർഷതാബോധം. മഹത്തായ സേവനമാണ് ചെയ്യുന്നതെങ്കിലും പൊലീസിലെപ്പോലെ പത്രാസും അധികാരവും സർവ്വോപരി കിമ്പളം കിട്ടാനുള്ള സാദ്ധ്യതയും ഇല്ലാത്തതാണ് ഇതിനു കാരണം.
മൺവിള പ്ളാസ്റ്റിക് നിർമ്മാണ യൂണിറ്റിലുണ്ടായ അഗ്നിബാധ ഒരിക്കൽക്കൂടി അഗ്നിപ്രതിരോധ നിയമം നടപ്പാക്കുന്നതിലെ ആപത്കരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. ഇതുപോലുള്ള വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴാണ് നിയമത്തെക്കുറിച്ചും അതിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പാളിച്ചകളെക്കുറിച്ചും അധികൃത കേന്ദ്രങ്ങൾ ഓർക്കുന്നത്. എളുപ്പം തീപിടിക്കുന്ന ഉത്പന്നങ്ങളും അതിനാവശ്യമായ രാസപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും ഉൾക്കൊള്ളുന്ന നിർമ്മാണ യൂണിറ്റിൽ അഗ്നി പ്രതിരോധ സംവിധാനങ്ങൾ വേണ്ടത്ര ഉണ്ടായിരുന്നില്ലെന്ന വിവരം അത്യാഹിതം നടന്നു കഴിഞ്ഞാണ് പുറത്തുവരുന്നത്. ഇത്തരത്തിലുള്ള വീഴ്ച ഈ സ്ഥാപനത്തിൽ മാത്രം കാണുന്നതല്ല.സുരക്ഷാസന്നാഹങ്ങൾ പേരിനു മാത്രമുള്ള അനേകം സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇരുപതും മുപ്പതും നിലകളിലായി ഉയരുന്ന പാർപ്പിട സമുച്ചയങ്ങളിൽ പലതിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ കഷ്ടിയാണെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും വലിയ തീപിടിത്തമുണ്ടാകുമ്പോഴാണ് ഇത്തരം ന്യൂനതകളെക്കുറിച്ചു ചർച്ചകളും വിവാദങ്ങളും ഉണ്ടാകാറുള്ളത്. അത്യാഹിതത്തിന്റെ ഓർമ്മ മായുന്നതോടെ അതൊക്കെ എല്ലാവരും മറക്കും.
തീപിടിത്ത സാദ്ധ്യതയുള്ള ഫാക്ടറികളും ബഹുനില മന്ദിരങ്ങളും പാർപ്പിട സമുച്ചയങ്ങളും അഗ്നിശമനസേനയ്ക്ക് എത്തിപ്പെടാനാകുംവിധം വഴി സൗകര്യമുള്ളിടങ്ങളിലായിരിക്കണമെന്ന നിബന്ധന ചട്ടങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. പലതിന്റെയും കാര്യത്തിൽ പാലിക്കപ്പെടുന്നില്ലെന്നു മാത്രം. വലിയ ഫയർ എൻജിനുകൾക്കുവരെ നിർബാധം കടന്നുപോകാനാവുന്ന വീതിയേറിയ വഴികൾ വേണമെന്ന നിബന്ധനയും അവഗണിക്കുകയാണു ചെയ്യാറുള്ളത്. മൺവിളയിൽത്തന്നെ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നെത്താൻ ഏറെ പ്രയാസങ്ങളുണ്ടായി. ഇടുങ്ങിയ റോഡുകളും 'കാഴ്ച" കാണാൻ തടിച്ചുകൂടിയ പുരുഷാരവും ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളിയാണ്. പരിസരത്തു നിന്നു ആളുകളെ ദൂരേയ്ക്കു മാറ്റുന്നതു തന്നെ പൊലീസിനു വലിയ തലവേദനയാകാറുണ്ട്. മൺവിളയിലും പൊലീസിനും രക്ഷാപ്രവർത്തകർക്കും ഓടിക്കൂടിയ കാഴ്ചക്കാർ സൃഷ്ടിച്ച തലവേദന ചെറുതല്ല. മൺവിള ദുരന്തം ഒഴിക്കൽക്കൂടി പലതും ഓർമ്മിപ്പിക്കുന്നു. സുരക്ഷാ നടപടികളിൽ കാണിക്കുന്ന വീഴ്ചകൾ എത്രമാത്രം അപകടകരമാകാമെന്ന് അത് എടുത്തുകാട്ടുന്നു. അഗ്നിശമന ഓഡിറ്റിംഗിന്റെ അനുപേക്ഷണീയതയിലേക്ക് അത് വിരൽ ചൂണ്ടുന്നു. കൈമടക്കു സ്വീകരിച്ച് കണ്ണടയ്ക്കുന്ന പതിവ് ഏർപ്പാട് വലിയ വിനയാകുമെന്നു തെളിയിക്കുന്നതാണ് മൺവിളയിലുണ്ടായ അഗ്നിദുരന്തം.