തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗിക്കോ ബന്ധുക്കൾക്കോ സാമ്പത്തിക ശേഷി ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാൻ പാടില്ല. അടിയന്തരമായ ചെലവ് സർക്കാർ വഹിക്കും. ചികിത്സ നിഷേധിച്ചാൽ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കും. ചികിത്സിക്കാൻ വിസമ്മതിക്കുന്ന ഡോക്ടർക്ക് ഒരുവർഷം തടവും 25,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
ഇവ ഉൾപ്പെടെ ആശുപത്രികൾ രോഗീസൗഹൃദമാക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ കരട് ബിൽ തയ്യാറായി. ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷൻ തയ്യാറാക്കിയ ബിൽ ഉടൻ സർക്കാരിന് കൈമാറും. ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നതോടെ കേസ് ഭയന്നും ചെലവ് വഹിക്കാൻ മടിച്ചും അപകടങ്ങളിൽ പരിക്കേറ്റവരെ ഏറ്റെടുക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികൾക്ക് പറയാനാവില്ല.
ബില്ലിലെ നിർദ്ദേശങ്ങൾ
അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ഉടമകൾ വിസമ്മതിച്ചാൽ ഒരുവർഷം തടവും 25,000 രൂപ വരെ പിഴയും
റോഡപകടങ്ങളും അടിയന്തര പ്രസവ ചികിത്സയും അത്യാഹിതചികിത്സയുടെ നിർവചനത്തിൽ വരും
നഴ്സിംഗ് ഹോമുകൾ മുതൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ വരെ നിയമത്തിന്റെ പരിധിയിൽ
ആശുപത്രികൾക്കായി സർക്കാർ ചികിത്സാ സഹായപദ്ധതി തുടങ്ങണം. ആശുപത്രികൾക്കും ആംബുലൻസിനും ചെലവായ തുക ഈ പദ്ധതി വഴി നൽകണം
അത്യാഹിത ചികിത്സയ്‌ക്കായി ആശുപത്രികൾ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. നൽകിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും രജിസ്റ്ററിൽ ഉണ്ടാകണം
അടിയന്തര ചികിത്സയ്‌ക്ക് സൗകര്യമില്ലെങ്കിൽ
രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്‌ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും
ഇതിന് മതിയായ കാരണം രേഖപ്പെടുത്തണം. രോഗിയുടെ സമ്മതപത്രം വാങ്ങണം.
അത്യാഹിത വിഭാഗത്തിൽ എത്തിച്ച രോഗിക്കും, ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ.
ജീവൻ നിലനിറുത്താൻ കഴിയുന്നത് ചെയ്‌തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം.
പരിശോധന, നൽകിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോർട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.
സ്വന്തം ആംബുലൻസ് ഇല്ലെങ്കിൽ സ്വകാര്യ ആംബുലൻസിന്റെയോ ഏജൻസികളുടെയോ പൊലീസിന്റെയോ സഹായം തേടാം.
മുരുകന്റെ ദാരുണാന്ത്യം
കഴിഞ്ഞവർഷം ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ട നാഗർകോവിൽ സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവമാണ് ബില്ല് തയ്യാറാക്കാൻ പ്രേരകമായത്. മുരുകന് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. ആശുപത്രികൾ ഏറ്റെടുക്കാതെ ഏഴരമണിക്കൂറോളം ആംബുലൻസിൽ കിടന്ന മുരുകൻ മരിച്ചു.