mathaserikonam

മുടപുരം:മാതശ്ശേരിക്കോണം ഗവ. യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ അസംബ്ലിയിൽ "നവകേരള പിറവി " ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.നവകേരള സൃഷ്ടിക്കായി കുട്ടികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രരചനയും ഉപന്യാസ രചനയും ഉണ്ടായിരുന്നു.പ്രളയവും മതമൈത്രിയും കുട്ടികളുടെ രചനയിൽ വിഷയങ്ങളായി .നവകേരളം നാടിന്റെ നന്മയെയും ഐക്യത്തെയും കരുത്താർജ്ജിക്കുന്ന തരത്തിൽ ആകാൻ കുട്ടികൾ ആഗ്രഹിക്കുന്നു എന്ന് അവരുടെ സൃഷ്ടികൾ തെളിവായി .രാവിലെ നടന്ന അസംബ്ലിയിൽ എം.ടി വാസുദേവൻനായരുടെ ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കുട്ടികൾ കേരള ഗാനം ആലപിച്ചു.കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തുന്നതിനായി കേരളത്തിലെ ജില്ലകൾ വിവിധ നിറങ്ങളിൽ അവതരിപ്പിച്ചു. അവതരണത്തോടൊപ്പം ഭൂപടത്തിൽ നിറങ്ങൾ സമന്വയിച്ചത് കണ്ണിന് കൗതുകം നൽകി.

കേരള ഭൂപ്രകൃതി ഉണർത്തുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നൃത്തച്ചുവടുകളുമായി കുട്ടികൾ അരങ്ങു തകർത്തു. തുടർന്ന് കേരളത്തിന്റെ ഭൂപട മാതൃകയിൽ കുട്ടികൾ എല്ലാം അണിനിരന്നു.
കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ കൈമാറുന്ന ' ചോദ്യോത്തര പയറ്റ്' സംഘടിപ്പിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും കലയും തുറന്ന് കാട്ടുന്ന വീഡിയോ പ്രദർശനവും ആഘോഷങ്ങൾക്ക് മിഴിവേകി. പി.ടി.എ പ്രസിഡന്റ് ഷൈലജൻ,പ്രധാനാദ്ധ്യാപിക വസന്തകുമാരി ടീച്ചർ,ശ്രീജു ,റാഫി, ബിന്ദു, മനില , വിശ്വജ,മഞ്ചു ,സലീന ,ബിസ്മി,സുബി, നസീജ , പി.ടി.എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു