ബാലരാമപുരം: കോൺഗ്രസ് കോവളം ബ്ലോക്കിലെ അന്തിയൂർ, ചപ്പാത്ത് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ച നടപടി കെ.പി.എസി.സി പ്രസിഡന്റ് മരവിപ്പിച്ചു. പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് മണ്ഡലം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തതെതന്നാണ് വിലയിരുത്തൽ.

ബാലരാമപുരം മണ്ഡലം കമ്മിറ്റിയെ ബാലരാമപുരം,​ അന്തിയൂർ എന്നീ മണ്ഡലമായും കോട്ടുകാൽ മണ്ഡലത്തെ കോട്ടുകാൽ,​ ചപ്പാത്ത് മണ്ഡലങ്ങളായും പുനർനാമകരണം ചെയ്തിരുന്നു. അന്തിയൂർ മണ്ഡലം പ്രസിഡന്റായ ഡി.വിനു,​ ചപ്പാത്ത് മണ്ഡലത്തിൽ കൃഷ്ണപ്രസാദ് എന്നിവരെ ചുമതലകളിൽ നിന്ന് മാറ്റി നിറുത്തിയിരുന്നു. ബാലരാമപുരം മണ്ഡലത്തിൽ നിലവിലെ മണ്ഡലം പ്രസിഡന്റ് എ.എം. സുധീറിനും കോട്ടുകാൽ മണ്ഡലത്തിൽ വട്ടവിള വിജയകുമാറിനും അന്തിയൂർ,​ ചപ്പാത്ത് മണ്ഡലങ്ങളുടെ അധികചുമതല വഹിക്കാൻ നേതൃത്വം നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന് കത്ത് കൈമാറിയിട്ടുണ്ട്.

ബാലരാമപുരം മണ്ഡലത്തിലെ പ്ലാവിള, കോഴോട്, രാമപുരം ബൂത്തുകളെ അന്തിയൂർ മണ്ഡലത്തിലേക്ക് കൂട്ടിച്ചേർത്തതാണ് വിവാദമായത്. ബാലരാമപുരം മണ്ഡലത്തിൽപ്പെട്ട കോൺഗ്രസ് നേതാവിനെ അന്തിയൂർ മണ്ഡലം പ്രസിഡന്റ് ആക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനും നേരത്തെ പരാതിനൽകിയിരുന്നു. അതുപോലെ കോട്ടുകാൽ മണ്ഡലത്തിൽ ചപ്പാത്ത് മണ്ഡലം പ്രസിഡന്റിനെ നിയമിച്ച നടപടിയിലും കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 4 പ്രാവശ്യം മണ്ഡലം കമ്മിറ്റി വിളിച്ചെങ്കിലും ബൂത്ത് പ്രസിഡന്റുമാരും 7 ജനപ്രതിനിധികളും ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തിരുന്നില്ല. ചപ്പാത്ത് മണ്ഡലത്തിൽ പഞ്ചായത്ത് മെമ്പറായ പുന്നക്കുളം ബിനുവിന്റെ പേരാണ് ആദ്യം ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കളുടേയും പ്രവർത്തകരുടേയും അഭിപ്രായം പരിഗണിച്ച് പുതിയ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു,