തിരുവനന്തപുരം: ദേവസ്വംബോർഡുകളിൽ മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കാനുള്ള സ്പെഷ്യൽറൂൾ സർക്കാർ അംഗീകരിച്ചെങ്കിലും ഇതു പ്രകാരമുള്ള നിയമനം കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
വരുമാനം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ, കോടതിയലക്ഷ്യ നടപടി ഉണ്ടാകാം. ഭരണവകുപ്പ് ആസൂത്രണംചെയ്ത നിയമം ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഫയലിലെഴുതിയിട്ടുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് റിക്രൂട്ട്മെന്റ് റൂൾ ഭേദഗതി അംഗീകരിച്ചത്. മന്ത്രിസഭാതീരുമാനം ഭരണഘടനാവിരുദ്ധമാണെങ്കിൽ കോടതി അനുവദിച്ച ചരിത്രമില്ല.
കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ സാമ്പത്തികസംവരണം നിലനിൽക്കാനിടയില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെയും നിലപാട്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ് സംവരണം. സാമ്പത്തികസംവരണം ഇതിന്റെ പരിധിയിൽവരില്ലെന്നാണ് എ.ജി സർക്കാരിനെ നേരത്തേ അറിയിച്ചത്.
സർക്കാരിനെ കാത്ത്
റാവുവിന്റെ ദുർവിധി
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നടപ്പാക്കാൻ 1991ൽ നരംസിംഹറാവു സർക്കാരിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിനെതിരായ ഇന്ദ്രാസാഹ്നി കേസിൽ (എ.ഐ.ആർ 1993എസ്.സി-477) സാമ്പത്തികം മാത്രം മാനദണ്ഡമാക്കി പിന്നാക്കാവസ്ഥ നിർണയിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഐകകണ്ഠ്യേന ഉത്തരവിറക്കി. തുടർന്ന് കേന്ദ്രസർക്കാരിന് ഒാഫീസ് മെമ്മോറാണ്ടം പിൻവലിക്കേണ്ടിവന്നു. പിന്നീടൊരു സംസ്ഥാനത്തും ഇത്തരമൊരു സംവരണനീക്കമുണ്ടായിട്ടില്ല. എം. നാഗരാജും കേന്ദ്രസർക്കാരും തമ്മിലുള്ള എ.ഐ.ആർ 2007 എസ്.സി 71 കേസിലും ബി.കെ. പവിത്രയും കേന്ദ്രസർക്കാരുമായുള്ള എ.ഐ.ആർ 2017 എസ്.സി 820 കേസിലും ഇതേ ഉത്തരവുകൾ സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ട്.
ഭരണഘടന മറന്ന്
3 പിഴവുകൾ
1. ഭരണഘടനയുടെ 3(1)അനുച്ഛേദം അനുസരിച്ച് ഇന്ത്യയിലെ എല്ലാ നിയമങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. അടിസ്ഥാന നിയമങ്ങളിൽ കൂട്ടിച്ചേർക്കലുകളോ ചുരുക്കലുകളോ വരുത്താൻ സ്റ്റേറ്റിന് അധികാരമില്ല. ഭരണഘടനയുടെ അദ്ധ്യായം-3 പ്രകാരം സർക്കാർ സ്പെഷ്യൽ റൂളുണ്ടാക്കിയാലും നിലനിൽക്കില്ല.
2. ഭരണഘടനയുടെ 14, 16(1) അനുച്ഛേദങ്ങളിൽനിന്ന് വ്യതിചലിക്കുന്നത് മൗലികഅവകാശങ്ങളുടെ ലംഘനമാവും. കുറച്ചുപേർക്ക് പ്രത്യേക ആനുകൂല്യം നൽകാൻ സ്പെഷ്യൽ റൂളുണ്ടാക്കുന്നത് ഭരണഘടനാപരമായ വിവേചനമാവും.
3. ആർട്ടിക്കിൾ 16-ൽ തൊഴിൽ നിയമനങ്ങളിൽ ജാതി, മതം, വർഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരിൽ വിവേചനം കാട്ടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പിന്നാക്കവിഭാഗങ്ങൾക്ക് നിയമനങ്ങളോ തസ്തികകളോ സംവരണംചെയ്യുന്നതിന് തടസമില്ലെന്ന് ഇതേ ആർട്ടിക്കിളിന്റെ നാലാം അനുച്ഛേദത്തിലുണ്ട്.
''ഉത്തരവ് നടപ്പാക്കിയാൽ കോടതിയലക്ഷ്യമായിമാറും. ഭരണഘടനാപരമായി സാമ്പത്തികമല്ല സംവരണത്തിനുള്ള അടിസ്ഥാന മാനദണ്ഡം.''
ബി.ജി. ഹരീന്ദ്രനാഥ്
നിയമസെക്രട്ടറി
സർക്കാർ വാദം
രാജ്യത്താകെ സാമ്പത്തികസംവരണം അനിവാര്യം
നിയമസാധുത ഉറപ്പാക്കാൻ ഭരണഘടനാഭേദഗതി വേണം
ആകെ സംവരണം 50 ശതമാനത്തിന് മുകളിലായാലേ പ്രശ്‌നമുള്ളൂ