-reservation-
n.s.s. reservation

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന പ്രശ്നത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻ.എസ്.എസിനെ

മെരുക്കാൻ സർക്കാർ ഒടുവിൽ പ്രയോഗിച്ച തന്ത്രവും തിരിച്ചടിയായി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയെ എൻ.എസ്.എസ് നേതൃത്വം കൈയോടെ തള്ളിപ്പറഞ്ഞതോടെയാണിത്.

ശബരിമലയിലെ സ്ഥിതിഗതികൾ സ്ഫോടനാത്മകമായ അന്തരീക്ഷത്തിൽ തുടരവെ, ബി.ജെപിക്കും ആർ.എസ്.എസിനുമൊപ്പം എൻ.എസ്.എസും എതിർ ചേരിയിൽ നിലയുറപ്പിക്കുന്നത് സർക്കാരിന്റെ പ്രതിരോധ നീക്കങ്ങൾക്ക് വിഘാതമായിരിക്കുകയാണ്. എൻ.എസ്.എസിനെ കൂടുതൽ പിണക്കാതെ, അവരുടെ സമര നീക്കങ്ങളോട് മൃദു സമീപനമാണ് സി.പി.എം സ്വീകരിച്ചു പോന്നത്. നാല് ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ബോർഡുകളെക്കൊണ്ട് തയ്യാറാക്കിച്ച സ്പെഷ്യൽ റൂൾ അംഗീകരിച്ച് വ്യാഴാഴ്ച രാത്രി ഉത്തരവിറക്കിയത് ഇതിന്റെ ഭാഗമാണ്. എന്നാൽ, ഈ ചൂണ്ടയിൽ എൻ.എസ്.എസ് നേതൃത്വം കൊത്തിയില്ല. മാത്രമല്ല, അതിനേക്കാൾ പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണമാണെന്നാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചത്. ഹിന്ദു സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ഇടത് സർക്കാരിന്റെ രാഷ്ട്രീയ നീക്കമായി ഇതിനെ വ്യാഖ്യാനിച്ച അദ്ദേഹം,​ തിരുവനന്തപുരത്ത് ഉൾപ്പെടെ സംസ്ഥാനത്ത് എൻ.എസ്.എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ നടന്ന മൂന്ന് ആക്രമണങ്ങളെ ഇതുമായി ബന്ധിപ്പിക്കുകയും ചെയ്തു. എൻ.എസ്.എസിനോട് കളി വേണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകാനും മറന്നില്ല. ഇതോടെ, വെളുക്കാൻ തേച്ചത് പാണ്ടായ സ്ഥിതിയായി.

തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിൽ നിലവിലെ ജീവനക്കാരിൽ 96 ശതമാനം പേരും മുന്നാക്ക വിഭാഗക്കാരായിരിക്കെ, അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം കൂടി ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ വർഷം കൈക്കൊണ്ട തീരുമാനം ഏറെ വിവാദവും പിന്നാക്ക സമുദായങ്ങളുടെ ശക്തമായ എതിർപ്പും സ‌ൃഷ്ടിച്ചിരുന്നു.

പിന്നാക്ക വിഭാഗങ്ങളുടെ

സംവരണ തോതും കൂടി

ദേവസ്വം ബോർഡുകളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച കഴിഞ്ഞ യു.ഡി.എഫ് സർക്കാർ, പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് 32 ശതമാനം സംവരണമാണ് വ്യവസ്ഥ ചെയ്തിരുന്നത്. അഹിന്ദുക്കൾക്കുള്ള ബാക്കി 18 ശതമാനം സംവരണവും ഒാപ്പൺ മെരിറ്റിലാക്കിയിരുന്നു. ഈ 18 ശതമാനത്തിൽ പത്ത് ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്യാനും,​ ബാക്കി എട്ട് ശതമാനം പിന്നാക്ക -ദളിത് വിഭാഗങ്ങൾക്ക് അധികമായി നൽകാനുമായിരുന്നു ഇടത് സർക്കാരിന്റെ തീരുമാനം. എൻ.എസ്.എസിന്റെ ആവശ്യം അംഗീകരിക്കുന്നതിനൊപ്പം,​ പിന്നാക്ക വിഭാഗങ്ങളുടെ എതിർപ്പ് കുറയ്ക്കുക കൂടിയായിരുന്നു ലക്ഷ്യം. എന്നാൽ,​ പിന്നാക്ക സംവരണത്തോതും കൂട്ടിയതാണ് എൻ.എസ്.എസിന് യോജിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഫലത്തിൽ,​ ഇരു കൂട്ടരുടെയും എതിർപ്പ് നേരിടേണ്ടി വന്ന പരുവത്തിലാണ് സർക്കാർ.