road

കുന്നത്തുകാൽ: ദേശീയപാതയിൽ ഉടനീളമുള്ള ഗട്ടറുകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്നു. കളിയിക്കാവിള മുതൽ ഉദിയൻകുളങ്ങര വരെയും, അമരവിള മുതൽ പാപ്പനംക്കോട് വരെയുമുള്ള ദേശീയ പാതയോരത്തെ നിരവധി ഗട്ടറുകളാണ് വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. പാറശാല -ഉദിയൻകുളങ്ങര വരെയുള്ള ഭാഗത്ത് റോഡിന്റെ മധ്യഭാഗത്തും, ഇരുവശങ്ങളിലുമായി വൻ ഗട്ടറുകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്.

ദൂരെ നിന്ന് റോഡിലെ കുഴികൾ കാണാതെ എത്തുന്ന ഡ്രൈവർമാർ അടുത്തെത്തുമ്പോഴായിരിക്കും മിക്കവാറും കുഴികൾ കാണുക. ഇതോടെ വാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിത്തിരിക്കുന്നതോടെ മറ്റു വാഹനങ്ങളുമായി കൂട്ടിമുട്ടി അപകടം സംഭവിക്കുന്നതും പതിവാണ്.

ദേശീയപാതയോരത്തെ കുഴികളിൽ വീണ് 7 ഓളം ബൈക്ക് യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ അധികൃതർ എത്തി ഗട്ടറുകൾ മൂടുമെങ്കിലും ഇത് താൽക്കാലികം മാത്രമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണം ദേശീയ പാതയെ മരണക്കെണിയാക്കി മാറ്റുകയാണെന്ന് ഇവർ പരാതിപ്പെടുന്നു. ദേശീയപാത അതോറട്ടിയിലെ പല ഉന്നത ഉദ്യോഗസ്ഥരുമായുള്ള കരാറുകാരുടെ അതിരുവിട്ട ബണ്ഡങ്ങളാണ് റോഡിൽ വൻ ഗട്ടറുകൾ വീണ് അതീവ ദുർഘടാവസ്ഥയിലെക്ക് നയിക്കുന്നതെന്ന് നാട്ടുക്കാർ ആരോപിക്കുന്നു. എത്രയും വേഗം ഈ റോഡിന്റെ അറ്റകുറ്റപണികൾ തീർത്ത് അപകടരഹിതമാക്കണമെന്ന് യാത്രക്കാർ ഉൾപ്പെടെയുള്ള നാട്ടുകാർ ആവശ്യപ്പെടുന്നു.

ഗട്ടറുകൾ രൂപപ്പെട്ടത്

കളിയിക്കാവിള മുതൽ ഉദിയൻകുളങ്ങര വരെയും

അമരവിള മുതൽ പാപ്പനംക്കോട് വരെയും

കുഴികൾ ശ്രദ്ധിക്കാതെ എത്തുന്ന ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുന്നത്

ഇവിടെ ജീവൻ നഷ്ടപ്പെട്ടത് - 7 ഓളം ഇരുചക്രവാഹനയാത്രികർക്ക്