f
ആക്രമണമുണ്ടായ നേമം മേലാംകോട് ശ്രീചട്ടമ്പി സ്വാമി സ്മാരക എൻ.എസ്.എസ് കരയോഗ മന്ദിരം

തിരുവനന്തപുരം:നേമം മേലാംകോട് ശ്രീചട്ടമ്പി സ്വാമി സ്‌മാരക എൻ.എസ്.എസ് കരയോഗമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മുകളിൽ സ്ഥാപിച്ചിരുന്ന ചട്ടമ്പി സ്വാമി പ്രതിമയുടെ കണ്ണാടിക്കൂട് തകർന്നു. മുന്നിലെ കൊടിമരം പിഴുതെറിഞ്ഞ അക്രമികൾ പതാക കവർന്നു.'എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ചാമി ചരണം' എന്നെഴുതിയ റീത്തും കണ്ടെത്തി.

ഇന്നലെ പുലർച്ചെയോടെയാണ് അക്രമമുണ്ടായതെന്ന് കരുതുന്നു.സമീപത്ത് താമസിക്കുന്ന സെക്രട്ടറി രവീന്ദ്രൻ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കാരയ്ക്കാമണ്ഡപം മേലാംകോട് - കരുമം റോഡിന്റെ വശത്താണ് കരയോഗ മന്ദിരം. വ്യാഴാഴ്ച അർദ്ധരാത്രി 12.30 വരെ മന്ദിരത്തിൽ കമ്മിറ്റി അംഗങ്ങളും മറ്റും ഉണ്ടായിരുന്നത്രേ. പുലർച്ചെ ഒരു മണിയോടെ ഓഫീസിന് സമീപത്ത് നിന്ന് ചില ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറയുന്നു

കരയോഗത്തിന്റെ ഓഫീസുൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുന്നിലെ കടമുറി റേഷൻകടയ്‌ക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയാണ്. ഇതിന് മുകളിലെ സൺഷെയ്‌ഡിലാണ് കണ്ണാടിക്കൂട്ടിൽ ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. മുന്നിലെ ഗ്ളാസ് ഭാഗികമായും ഒരുവശത്തെ ഗ്ളാസ് പൂർണമായും കല്ലേറിൽ തകർന്നിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് സൺഷെയ്‌ഡിൽ തന്നെയാണ് റീത്ത് വച്ചിരിക്കുന്നത്.

കരയോഗം ഭാരവാഹികൾ അറിയിച്ചതനുസരിച്ച് ഫോർട്ട് അസി. കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കരയോഗത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി നേമം പൊലീസ് പറഞ്ഞു.

ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് 31ന് കരയോഗത്തിൽ നാമജപയജ്ഞം സംഘടിപ്പിച്ചിരുന്നതായും അതിൽ പ്രകോപിതരായ ആരെങ്കിലുമാകാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സെക്രട്ടറി രവീന്ദ്രൻ പറഞ്ഞു.

ശശി തരൂർ എം.പി,​ എം.എൽ.എമാരായ ഒ.രാജഗോപാൽ,വി. എസ് ശിവകുമാർ ,​ മേയർ വി.കെ.പ്രശാന്ത്,​ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,​ മുൻ എം.എൽ.എ. വി. ശിവൻകുട്ടി,​ ​സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​ സി.പി.ഐ.ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,​ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, തുടങ്ങിവർ സ്ഥലത്തെത്തി. കരയോഗം ഭാരവാഹികൾ വൈകിട്ട് കാരയ്‌ക്കാമണ്ഡപം മുതൽ എൻ.എസ്.എസ് മന്ദിരം വരെ പ്രതിഷേധ ജാഥയും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

സംസ്ഥാനത്ത് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തുകയും, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുകയും ചെയ്യുന്ന എൻ.എസ്.എസിനെതിരെ നടന്ന അക്രമം പ്രതിഷേധാർഹമാണ്.

എം.സംഗീത് കുമാർ

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്

അക്രമികളെ കണ്ടെത്താൻ പ്രദേശത്തെ സി.സി .ടി.വി കാമറകളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

സജി,​ നേമം എസ്.ഐ