elathode
photo elathode

വർക്കല : താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലെ ഏലാത്തോടുകളും തടയണകളും നീർച്ചാലുകളും നാശത്തിന്റെ വക്കിൽ. ഒരുകാലത്ത് താലൂക്കിന്റെ നെല്ലറയെന്ന് ഖ്യാതി ലഭിച്ചിരുന്ന പല നെൽപ്പാടങ്ങളും തരിശിടങ്ങളായി മാറിയതോടെ കാർഷികമേഖല പ്രതിസന്ധിയിലായി. ഇലകമൺ, ചെറുന്നിയൂർ, ചെമ്മരുതി എന്നീ ഗ്രാമപഞ്ചായത്തുകളിൽ നെൽകൃഷി പേരിനുപോലുമില്ല.

20 വർഷം മുമ്പ് 500ഹെക്ടറോളം നെൽകൃഷി ഇവിടെ ഉണ്ടായിരുന്നു. ഇലകമൺ, കെടാകുളം, കളത്തറ, സങ്കേതം, കിഴക്കുപുറം, പടിഞ്ഞാറ്റുപുറം, ഹരിഹരപുരം എന്നിങ്ങനെ പത്തോളം പ്രധാന ഏലാകളാണ് ഉണ്ടായിരുന്നതിൽ ഭൂരിഭാഗവും നികത്തിക്കഴിഞ്ഞു. ചെറുന്നിയൂരിൽ പത്ത് വർഷം മുമ്പ് 120 ഹെക്ടറിലേറെ നെൽകൃഷിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നാമമാത്രമായി നെൽകൃഷി. ചെമ്മരുതിയിലാകട്ടെ 190 ഹെക്ടറോളം നെൽകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അന്യാധീനപ്പെട്ടിരിക്കയാണ്. സമഗ്രനെൽകൃഷി വികസനത്തിനായി അതത് പ്രദേശിക ഭരണകൂടങ്ങൾ ബഡ്ജറ്റിൽ കാലാകാലങ്ങളിൽ തുക കൊളളിക്കാറുണ്ടെങ്കിലും നെൽകൃഷി തീരെ ഇല്ലാതായതു തന്നെ മിച്ചം. തണ്ണീർതട സംരക്ഷണം കടലാസിൽ മാത്രമായി ഒതുങ്ങി. തണ്ണീർതടങ്ങളുടെയും ജലാശയങ്ങളുടെയും മാസ്റ്റർപ്ലാൻ തയ്യാറാക്കി ജലസംരക്ഷണം കാര്യക്ഷമമാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അത്യുത്സാഹം കാണിച്ചെങ്കിലും പിന്നീട് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. താലൂക്കിലെ പാടശേഖരങ്ങളോടനുബന്ധിച്ചുളള പരമ്പരാഗത ജലസ്രോതസ്സുകളെ പുനരുദ്ധരിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്നാണ് കർഷകരുടെയും പാഠശേഖരസമിതികളുടെയും ആവശ്യം.



''ഒരു കാലത്ത് സമൃദ്ധമായിരുന്ന നെൽകൃഷിയും നെൽവയലുകളും ഇന്ന് ഏതാണ്ട് പൂർണമായും അപ്രത്യക്ഷമായ നിലയിലാണ്. പ്രധാനകാരണം ജലസേചന സൗകര്യത്തിൽ വന്ന വീഴ്‌ചയാണ്. പരമ്പരാഗതമായി ഉണ്ടായിരുന്ന ഏലാത്തോടുകളും തലക്കുളങ്ങളും തടയണകളും പുനരുദ്ധരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ അധികൃതർ തയ്യാറാകണം.
കെ.കെ. രവീന്ദ്രനാഥ്, ഇലകമൺ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്.