തിരുവനന്തപുരം: ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്ന സന്ദേശവുമായി പത്രപ്രവർത്തകനും വാഗ്മിയുമായ സജീവ് കൃഷ്ണൻ കഴിഞ്ഞ വർഷം ഒക്‌ടോബർ 18ന് തിരുവനന്തപുരത്തു തുടങ്ങിയ ഗുരുസാഗരം പ്രഭാഷണപരമ്പര നാളെ കാസർകോട്ട് കേരളപര്യടനം പൂർത്തിയാക്കും.
ശ്രീനാരായണഗുരുദേവ ദർശനത്തിലൂടെ സമകാലിക ജീവിതത്തെ അവലോകനം ചെയ്യുന്ന പ്രഭാഷണമായിരുന്നു 14 ജില്ലകളിലും നടത്തിയത്. കേരളകൗമുദിയിൽ തിങ്കളാഴ്ചകളിൽ എഴുതി വരുന്ന 'ഗുരുസാഗരം" കോളത്തിലൂടെ അവതരിപ്പിച്ച ഗുരുവിന്റെ ആശയങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കാനും എല്ലാ മലയാളികൾക്കും ഗുരുവിൽ അറിവും വിശ്വാസവും വളർത്താനുമായിരുന്നു ഒരു വർഷം നീണ്ട ശ്രമം.
നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് പെരിയ എസ്.എൻ ട്രസ്റ്റ് കോളേജ് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ എല്ലാ ജില്ലാതല സംഘാടക സമിതികളെയും പുരസ്‌കാരം നൽകി ആദരിക്കും. ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ മുഖ്യാതിഥിയായിരിക്കും. സി. രാജൻ പെരിയ അദ്ധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ സജീവ് കൃഷ്ണൻ, സംസ്ഥാന സംഘാടകസമിതി സെക്രട്ടറി ഒ.പി. വിശ്വനാഥൻ, ട്രഷറർ എസ്.എസ്. ദിനേശ്, ജോ. സെക്രട്ടറിമാരായ സുകുമാരൻ ഇടവക്കോട്, കെ. തങ്കി, ആർ.എസ്. ചന്ദ്രിക, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.കെ. ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.