വർക്കല: അവഗണനയുടെ മാറാപ്പും മാലിന്യ പ്രവാഹത്തിന്റെ വിഴുപ്പും പേറി വർക്കല തുരങ്കം അനാഥമായിട്ട് പതിറ്റാണ്ടുകൾ. വർക്കല ടി.എസ് കനാലിന്റെയും തുരങ്കങ്ങളുടെയും ശാപമോക്ഷത്തിനായി പ്രഖ്യാപനങ്ങളും ഉന്നതതല സന്ദർശനങ്ങളും നടന്നെങ്കിലും ഒന്നും മുന്നോട്ട് നീങ്ങിയില്ല.
2007 ഒക്ടോബർ 19ന് മുഖ്യമന്ത്റിയായിരുന്ന വി.എസ്.അച്ചുതാനന്ദനും വകുപ്പ് തല ഉദ്യാഗസ്ഥന്മാരും നടത്തിയ സന്ദർശനമായിരുന്നു ഒടുവിലത്തേത്. ശിവഗിരിക്ക് സമീപത്തെ വലിയ തുരങ്കത്തിലൂടെ സംഘം ഒന്നര കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. പതിനൊന്ന് വർഷം പൂർത്തിയായിട്ടും പദ്ധതി കടലാസിൽ തന്നെയാണ്.
ചിലക്കൂർ പ്രദേശത്ത് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികൾ മാത്രമാണ് പലപ്പോഴായി നടന്നിട്ടുള്ളത്. എന്നാൽ താഴെവെട്ടൂർ മുതൽ കൊച്ചുതുരപ്പ് വരെയും തൊടുവെ മുതൽ വലിയ തുരങ്കം വരെയും കനാൽ കാടുകയറിയും മാലിന്യങ്ങൾ നിറഞ്ഞും ഒഴുക്കു നിലച്ച സ്ഥിതിയിലാണ്.
നിലച്ചുപോയ ഈ വഴിയിലെ ജലഗതാഗതം പുനരാരംഭിക്കാൻ മാറിമാറി വന്ന ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല. കനാൽ മണ്ണ് വീണ് നികരുമ്പോഴും സംരക്ഷണോപാധികൾ തീർക്കുവാൻ അധികൃതർക്ക് കഴിയുന്നില്ല. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്ന ആഴംകൂട്ടൽ ഇപ്പോൾ വർക്കലയിൽ നിറുത്തി വച്ചിരിക്കുകയാണ്. വിനോദസഞ്ചാര രംഗത്ത് വൻ വികസന സാദ്ധ്യതയാണ് ഈ ജലപാതയ്ക്കുളളതെങ്കിലും അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു സംസ്കാരത്തിന്റെ നിറവാർന്ന അദ്ധ്യായമാണ് തമസ്കരിക്കപ്പെടുന്നത്. കായലും പുഴയും താണ്ടി നീങ്ങിയ നൗകകളുടെയും പത്തേമാരികളുടെയും സഞ്ചാരപഥം നിലച്ചിട്ട് കാലമേറെയായി.
1870 ലാണ് കനാൽ നിർമ്മാണം ആരംഭിച്ചത്. 1881ൽ ശിവഗിരിയിലെ ആദ്യ തുരങ്കം യാഥാർത്ഥ്യമായി. മല തുരന്നുളള തുരപ്പിന്റെ നീളം 2374 അടിയായിരുന്നു. രണ്ടാമത്തേത് ചിലക്കൂരിൽ 924 അടി നീളത്തിലും നിലവിൽ വന്നു.
1824-ൽ തിരുവനന്തപുരം വള്ളക്കടവ് മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാർവതി പുത്തനാർ. ഗൗരി പാർവ്വതി ഭായിയാണ് ഈ കനാൽ നിർമ്മിച്ചത്. ഇതിന്റ നിർമ്മാണം വർക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വർക്കല കുന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാർഗതടസമായി നിന്നു. അനന്തപുരിയിൽ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വർക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാൽനടയായി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ പോകാൻ.
ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുരങ്ങ നിർമ്മാണം ആരംഭിച്ചു
1877-ൽ വർക്കല കുന്ന് തുരന്ന് ( 'വർക്കല തുരപ്പ്') ഗതാഗതമാർഗ്ഗം നീട്ടി
ആകെ തുരങ്കങ്ങൾ 2
1...2370 അടി നീളം പണി പൂർത്തിയായത്.... 1877ൽ
2....ചിലക്കൂരിൽ
1140 അടി നീളം
പണി പൂർത്തിയായത്.... 1877ൽ