prathishedham

കല്ലമ്പലം: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിൽ അപാകത ആരോപിച്ച് കല്ലമ്പലത്ത് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. വി. ജോയി എം.എൽ.എ ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ചൊവ്വാഴ്ച വരെ സർവേ നടപടികൾ നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചു. കളക്ടറുടെ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രമേ ഇനി മുന്നോട്ടു പോകാനാകൂവെന്ന് എം.എൽ.എ അറിയിച്ചു. ഇന്നലെ രാവിലെ 10ന് ഭൂമി അളന്ന് കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതോടെ പൊലീസ് സഹായത്തോടെയാണ് ഉദ്യോഗസ്ഥർ ജോലി തുടർന്നത്. സ്ഥലമെടുപ്പ് ജംഗ്ഷന് സമീപമെത്തിയപ്പോൾ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി വന്നതോടെയാണ് എം.എൽ.എ ഇടപെട്ടത്. നിലവിലെ പാതയുടെ നടുക്കു നിന്നു ഇരുവശത്തേക്കും തുല്യമായി സ്ഥലമെടുക്കുമെന്നാണ് നേരത്തെ റവന്യു വകുപ്പ് അറിയിച്ചിരുന്നതെന്നും അതിൽ നിന്നു വ്യത്യസ്‌തമായി ഒരുവശത്തേക്ക് മാത്രം സ്ഥലമെടുക്കാനുള്ള നീക്കം നടത്തുന്നെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.

2013ൽ റോഡ് വികസനത്തിന് തയ്യാറാക്കിയ രേഖയിൽ കല്ലമ്പലത്ത് ഫ്ലൈഒാവർ പണിയുമെന്നും വ്യാപാര സ്ഥാപനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു. പുതിയ സ്ഥലമെടുപ്പിൽ നിരവധി കടകളുടെയും വീടുകളുടെയും പ്രധാന ഭാഗങ്ങളെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. റവന്യൂ അധികൃതർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ അവർ ഒഴിഞ്ഞുമാറുകയാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ നേരത്തെ തയ്യാറാക്കിയിട്ടുള്ള രൂപരേഖ പ്രകാരമാണ് പാതയ്‌ക്കായി സ്ഥലനിർണയം നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ദേശീയപാത വികസനത്തിനായി പുറമ്പോക്ക് ഏറ്റെടുത്തതിന് കൈയേറ്റക്കാർക്ക് നോട്ടീസ്‌ നൽകിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഏഴ്, എട്ട് തീയതികളിൽ താലൂക്ക് ഓഫീസിൽ കേൾക്കും. ഇതിന് ശേഷമേ തുടർ നടപടികൾ എടുക്കൂവെന്ന് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ റോഡ് നാലുവരിയാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ കൈവശത്തുനിന്നു പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പൊളിക്കുന്ന മതിലുകൾ പുനർ നിർമ്മിക്കുന്നതിനുള്ള കരാറും നൽകിയിട്ടുണ്ട്. ഈ ആഴ്ച തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കാനും മതിലുകൾ പുനർനിർമ്മിക്കാനുമുള്ള നടപടികൾ തുടങ്ങുമെന്നു അദ്ദേഹം പറഞ്ഞു.