302

നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ ഇനി 24 മണിക്കൂറും 16 കണ്ണുകൾ മിഴിചിമ്മാതെ തുറന്നിരിക്കും. ഡിപ്പോയുടെ അകവും പുറവും സി.സി.ടി.വി കാമറാ നിരീക്ഷണത്തിലായിയിരിക്കയാണ്. 'കാവൽക്കണ്ണുകൾ' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. കെ.ആൻസലൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1. 65 ലക്ഷം രൂപ ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എ.ടി.ഒ ഓഫീസിന് മുന്നിലെ വലിയ സ്ക്രീനിൽ തെളിയും. ദൃശ്യങ്ങൾ നിരീക്ഷിക്കാനും തുടർനടപടികളെടുക്കാനും പൊലീസിന്റെ സഹായം തേടും. ഡിപ്പോയ്ക്കകത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ 24 മണിക്കൂറും പൊലീസിന്റെ സേവനം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ കത്ത് നൽകിയിട്ടുണ്ട്. ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ഡബ്ല്യു.ആർ. ഹീബ മുഖ്യാതിഥിയായി. കെ.എസ്.ആർ.ടി.സി ദക്ഷിണമേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ, കൗൺസിലർ വി.ഹരികുമാർ, ജി. പ്രശാന്ത്, ടി.പി. അനിത, എസ്. സന്തോഷ്‌കുമാർ, എൻ.കെ. രഞ്ജിത്, എസ്.ജി. രാജേഷ്, എൻ.എസ്. വിനോദ്, ജി. ജിജോ, വി.കെ. ലേഖ എന്നിവർ സംസാരിച്ചു.