വിതുര : വൈദ്യുതി ബിൽ മുടങ്ങാതെ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഇലക്ട്രിസിറ്റി വകുപ്പിന്റെ ഇരുട്ടടി. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ പൊൻപാറ മേഖലയിലുള്ളവർക്ക് വൈദ്യുതി പേരിനൊരു അലങ്കാരം മാത്രമായിട്ട് രണ്ടുവർഷമായി. സന്ധ്യമയങ്ങിയാൽ ബൾബുകൾക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ്. ട്യൂബ് ലൈറ്റുകൾ മിഴിതുറക്കാറില്ല. ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ സ്റ്റെബിലൈസറിനെ ആശ്രയിക്കണം. വിദ്യാർത്ഥികൾക്ക് പഠിക്കാൻ മണ്ണെണ്ണ വിളക്കാണ് ആശ്രയം. മിന്നി മിന്നുന്ന ബൾബിനൊപ്പം മണ്ണെണ്ണവിളക്കും കത്തിയെരിയുന്നത് പൊൻപാറ മേഖലയിലെ പതിവ് കാഴ്ചയാണ്. ഫലത്തിൽ വൈദ്യുതിയുണ്ടെങ്കിലും പ്രദേശവാസികൾ വെളിച്ചത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. എന്നാൽ ബില്ലുവരുമ്പോൾ യാതൊരു കുറവുമുണ്ടാകാറില്ലെന്നതാണ് വിരോധാഭാസം.
പൊൻപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് തിരിയുന്ന ലൈനിൽനിന്നു കണക്ഷനെടുത്തിട്ടുള്ള 50ൽ പരം കുടുംബങ്ങളാണ് ഇരുട്ടിൽ തപ്പുന്നത്. പകൽ സമയത്തെ അവസ്ഥയും വ്യത്യസ്തമല്ല. മുമ്പ് വോൾട്ടേജ് ക്ഷാമം തീരെ ഇല്ലായിരുന്നു. രണ്ട് വർഷത്തിനിടയിൽ തോട്ടുമുക്ക്, പടിപ്പോട്ടുപാറ, പൊൻപാറ മേഖലയിൽ ധാരാളം കണക്ഷനുകൾ നൽകി. കണക്ഷനുകളുടെ എണ്ണം അമിതമായതോടെയാണ് വോൾട്ടേജ് പ്രശ്നം തുടങ്ങിയത്. ഇത് മൂലം ഇലക്ടിക് ഉപകരണങ്ങൾ കേടാകുന്നതും പതിവാണ്. അനവധി ടി.വി സെറ്റുകൾ നശിച്ചു. ഉപഭോക്താക്കൾക്ക് കനത്ത നഷ്ടമുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർക്കുമുന്നിൽ നാട്ടുകാർ വോൾട്ടേജ് പ്രശ്നം ഉന്നയിക്കാറുണ്ട്. എല്ലാം ശരിയാക്കിത്തരാമെന്ന് പറയുന്നവർ ജയിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്.