green

തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിനം അവസാനിച്ചതുപോലെ കളി കഴിഞ്ഞ മൈതാനവും പരിസര പ്രദേശങ്ങളും നഗരസഭ ശരവേഗത്തിൽ ക്ലീനാക്കി. 630 തൊഴിലാളികൾ 8 മണിക്കൂർ സമയമെടുത്താണ് 40000ഓളം കാണികൾ വന്നുമടങ്ങിയ സ്റ്റേഡിയം ശുചിയാക്കിയത്. ഇന്നലെ രാവിലെ 7.30ന് ആരംഭിച്ച ശുചീകരണം വൈകിട്ട് 3.30ന് പൂർത്തിയാക്കി. മേയർ വി.കെ. പ്രശാന്ത്, ഹെൽത്ത് സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കാര്യവട്ടം ജംഗ്ഷൻ മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള പൊതുനിരത്തിന്റെ വശങ്ങളിൽ തെരുവോര കച്ചവടത്തിന്റെ ഭാഗമായുള്ള മാലിന്യം വ്യാപാരികളും നീക്കം ചെയ്‌തു. പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞത് ഗ്രീൻപ്രോട്ടോക്കോളിന്റെ വിജയമാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, അലക്‌സാണ്ടർ, പ്രകാശ്, കഴക്കൂട്ടം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് കുമാർ, 9 സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 31 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ ഉടനീളം ഗ്രീൻപ്രോട്ടോക്കോൾ പാലിച്ച കെ.സി.എ ഭാരവാഹികൾ, സ്‌പോർട്സ് ഹബ്ബിന്റെ ചുമതലക്കാർ, ശുചിത്വമിഷൻ,വ്യാപാരികൾ, ക്രിക്കറ്റ് ആരാധകർ, നഗരസഭ ജീവനക്കാർ, ഗ്രീൻ ആർമി പ്രവർത്തകർ എന്നിവരെ മേയർ വി.കെ. പ്രശാന്ത് അനുമോദിച്ചു.

നീക്കം ചെയ്‌ത മാലിന്യങ്ങൾ
------------------------------------------------

 ഒന്നര ടൺ ഭക്ഷണാവശിഷ്ടങ്ങൾ  150 കിലോ വാഴയില

 ഒന്നേകാൽ ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ  750 കിലോ പേപ്പർ

 അര ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ  അര ടൺ പാള, കരിമ്പിൻ ചണ്ടി പാത്രങ്ങൾ  70 കിലോ അലുമിനിയം ബോട്ടിലുകൾ

 രണ്ടര ടൺ കാർട്ടണുകൾ  50 കിലോ ചില്ലുമാലിന്യങ്ങൾ  40 കിലോ തുണി

 18 കിലോ സെറാമിക് മാലിന്യങ്ങൾ  750 കിലോ ഫ്ളക്‌സ് മാലിന്യങ്ങൾ