home

കിളിമാനൂർ : അശ്വതിക്കും , അനീഷിനും ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം. നഗരുർ ഗ്രാമപഞ്ചായത്ത് വെള്ളല്ലൂർ ആൽത്തറ കൊകോട്ടു വീട്ടിൽ ഷീറ്റ് മറച്ച കുടിലിലാണ് അശോകൻ, ഭാര്യ ഉഷ, മക്കളായ അനീഷ്, അശ്വതി എന്നിവർ കഴിയുന്നത്. സ്വന്തമായി റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ ഇല്ലാത്തതിനാൽ ഈ കുടുംബത്തെ ലൈഫ് ഉൾപ്പെടെയുള്ള ഭവന പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ ദുരിതകഥ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നഗരുർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംയുക്ത യോഗം ചേർന്ന് അശോകനും കുടുംബത്തിനും കുടുംബശ്രീ സ്നേഹനിധിയിൽ ഉൾപ്പെടുത്തി 'സ്നേഹവീട്" നിർമ്മിക്കുവാൻ തീരുമാനിക്കുകയായിരുന്നു. നിയമപ്രശ്‌നങ്ങൾക്കുള്ള പരിഹാരം സർക്കാർ കാണുമെന്ന സത്യൻ എം.എൽ.എ.യുടെ നിർദ്ദേശത്തെ തുടർന്നാണിത്. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുവിന്റെ നേത്യത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അശോകന്റ വീട്ടിലെത്തി ഈ വിവരം രേഖാമൂലം അറിയിച്ചു. സിയാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജി. ഷീബ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽ കുമാർ, ഡി. ലതിക കുമാരി, പി. സുഗതൻ, ടി.എസ്. ശോഭ, എൻ. ചന്ദ്രശേഖരൻ നായർ, കെ. സജിതാ, ആർ.എസ്. രേവതി, എ. ഷിബാന, എസ്. ബീന എന്നീ പഞ്ചായത്ത് അംഗങ്ങളും ,പഞ്ചായത്ത് സെക്രട്ടറി ബിജു കുമാർ, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ കെ. ശ്രീലത, അജയഘോഷ്, എ.കെ. ശക്തിധരൻ വി.ആർ. ലീന, ആർ.ബിജുകുമാർ എന്നിവർ പങ്കെടുത്തു. അടുത്ത ദിവസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, പൊതുജനങ്ങൾക്കും, സംഘടനകൾക്കും കുടുംബശ്രീ തിരുവനന്തപുരം ജില്ലയിൽ ആദ്യമായി തുടങ്ങുന്ന ഈ സംരംഭത്തിന് സംഭാവനകൾ നൽകാമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം. രഘു അറിയിച്ചു.