തിരുവനന്തപുരം: കടൽക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുട്ടത്തറയിൽ കഴിഞ്ഞദിവസം സർക്കാർ കൈമാറിയ ഫ്ലാറ്റുകൾ വെള്ളിയാഴ്‌ച അടച്ചുപൂട്ടി. എട്ട് ഫ്ലാറ്റുകളുടെ താമസക്കാരിൽ നിന്നും ഫിഷറീസ് വകുപ്പ് താക്കോൽ തിരികെ വാങ്ങി. കിടപ്പാടവും ഭൂമിയും കടൽ കവർന്നെടുത്ത്, നാലുവർഷമായി സ്‌കൂൾ വരാന്തയിൽ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വീണ്ടും ദുരിതത്തിലായി. കഴിഞ്ഞ മാസം 31ന് മുഖ്യമന്ത്രിയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.
ഫ്ലാറ്റുകളിലേക്കുള്ള കുടിവെള്ളം, വൈദ്യുതി കണക്ഷനുകളുടെ പണി പൂർത്തിയായില്ലെന്നും ട്രാൻസ്‌ഫോർമർ തകരാറിലാണെന്നും പറഞ്ഞാണ് ഫിഷറീസ് അധികൃതർ താക്കോൽ തിരികെ വാങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പ്രളയകാലത്ത് പലവട്ടം ആവശ്യപ്പെട്ടിട്ടും, പണിതീർന്നില്ലെന്ന കാരണം പറഞ്ഞ് താത്കാലികമായി കയറിക്കിടക്കാൻ പോലും അധികൃതർ അനുവദിച്ചിരുന്നില്ല. മുഴുവൻ പണികളും തീർത്തശേഷമേ ഫ്ലാറ്റ് കൈമാറൂ എന്ന നിലപാടിലായിരുന്നു അധികൃതർ. ഇപ്പോൾ പണിതീരാത്ത ഫ്ലാറ്റ് നൽകിയതിൽ ദുരൂഹതയുണ്ട്- സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു.
കലിതുള്ളിയ കടൽ കിടപ്പാടവും സ്വത്തുക്കളും കവർന്നെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ഭവനസമുച്ചയങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരം മുട്ടത്തറയിലേത്. കടലാക്രമണം കാരണം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് മൂന്നര ഏക്കറിലാണ് റെക്കാർഡ് സമയം കൊണ്ട് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയത്. എട്ട് ഫ്ലാറ്റുകൾ വീതമുള്ള 24 ബ്ലോക്കുകളാണ് പൂർത്തിയായത്. 192 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കാനാവും. ഓരോ യൂണിറ്റിലും താഴെയും മുകളിലുമായി നാലു ഭവനങ്ങൾ വീതമാണ് നിർമ്മിച്ചത്. 540ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഫ്ലാറ്റുകൾ. ഒരു ഹാൾ, രണ്ട് കിടപ്പുമുറികൾ, ഡൈനിംഗ് ഏരിയ, ടോയ്‌ലറ്റ് എന്നിവയുണ്ട്. കക്കൂസ് മാലിന്യമടക്കം മുട്ടത്തറ സ്വീവറേജ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റുകയാണ് ചെയ്യുന്നത്. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, ചെറിയതോപ്പ് എന്നീ തീരദേശ വില്ലേജുകളിൽ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
''കുടിവെള്ള കണക്ഷന്റെ പണി തീരാത്തതിനാലാണ് ഫ്ലാറ്റുകളുടെ താക്കോൽ തിരികെ വാങ്ങിയത്. തിങ്കളാഴ്ചയ്ക്കകം പണികൾ തീർക്കും''
ബീന
ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ്