തിരുവനന്തപുരം: ദേശീയതലത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനത്തിനായി മേയ് 5ന് നടത്തുന്ന നീറ്റ് യു.ജി 2019 (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാഡ്വേറ്റ് 2019) പൊതുപരീക്ഷ എഴുതാൻ https://natneet.nic.in എന്ന സൈറ്റിൽ നവംബർ 30 വരെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (www.nta.ac.in) ഇത്തവണത്തെ പരീക്ഷാ ചുമതല.
ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ (AIIMS) എല്ലാകേന്ദ്രങ്ങളിലെയും പുതുച്ചേരി /കാരയ്ക്കൽ ജിപ്‌മെറിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, കേന്ദ്രീയ സർവകലാശാലകൾ, എ.എഫ്.എം.സി മുതലായവ സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in, www.mcc.nic.in എന്നീ സൈറ്റുകളിലും നോക്കാം.
അപേക്ഷാ ഫീസ് 1400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ, സർവീസ്/ പ്രോസസിംഗ് ചാർജ് 18 ശതമാനം ജി.എസ്.ടി എന്നിവയും നൽകണം. ഡിസംബർ ഒന്നുവരെ പണമടയ്‌ക്കാം. അപേക്ഷയിൽ തെറ്റുവന്നാൽ 2019 ജനുവരി 14 മുതൽ 31 വരെ ഒാൺലൈനായി തിരുത്താം. ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ജൂൺ അഞ്ചിനാണ് പരീക്ഷാഫലം. പരീക്ഷയ്‌ക്ക് കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ, മേയ് 5ന് 2 മുതൽ 5 വരെ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ യഥാക്രമം 45/45/90 എന്ന ക്രമത്തിൽ ആകെ 180 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഒാരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഇംഗ്ളീഷടക്കം, 11 ഭാഷകളിലാണ് ചോദ്യങ്ങൾ (മലയാളമില്ല). സിലബസ് ബുള്ളിറ്റിനിലുണ്ട്. കേരളത്തിൽ 12 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. സംശയപരിഹാരിക്കാൻ ഇ. മെയിൽ : neetug-nta@nic.in, ഫോൺ: 8076535482, 7703859909.
പ്രവേശന യോഗ്യത
ഫിസിക്സ്, കെമസ്ട്രി, ബയോളജി (ബയോടെക്നോളജി) എന്നിവയ്ക്കുമൊത്തം 50 ശതമാനം മാർക്കോടെയെങ്കിലും 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‌ക്ക് 40 ശതമാനം മതിയാകും. ചില പ്രത്യേക വൈകല്യമുള്ളവർക്ക് 45 ശതമാനം മാർക്കും വേണം. ഇപ്പോൾ 12ാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യ റൗണ്ട് കൗൺസലിംഗിൽ മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതിയാകും.
2019 ഡിസംബർ 31 ന് 17 വയസ് തികയണം. പരീക്ഷാ ദിവസം 25 വയസ് കഴിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 30 വരെയാകാം. എൻ.ആർ.ഐ, ഒ.സി.ഐ, പി.ഐ.ഒ വിഭാഗങ്ങൾക്കും അപേക്ഷിക്കാം.
ഇവിടത്തെ സംവരണക്രമം പാലിച്ചാകും കേരളത്തിലെ പ്രവേശനം. എന്നാൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയിൽ കേന്ദ്രമാനദണ്ഡപ്രകാരം പട്ടികജാതി/പട്ടികവർഗ/പിന്നാക്ക/ഭിന്നശേഷി വിഭാഗങ്ങൾക്ക് യഥാക്രമം 15 / ഏഴര / 27 / അഞ്ച് ശതമാനം സംവരണമുണ്ടാകും.