മാനന്തവാടി: വിയ്യൂർ ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത പതിനൊന്ന് കേസുകൾ ഇന്നലെ പരിഗണിച്ചു. അതിൽ പടിഞ്ഞാറത്തറ കരിങ്കണ്ണി കോളനിയിൽ ആയുധങ്ങളുമായെത്തിയതുമായി ബന്ധപ്പെട്ട് 2013 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ജാമ്യാപേക്ഷ ഇന്നലെ സമർപ്പിച്ചുവെങ്കിലും ഒമ്പതാം തീയതിയിലേക്ക് മാറ്റി. അവശേഷിക്കുന്ന പത്തെണ്ണം ഡിസംബർ 11 നും മാറ്റിവച്ചു. ജില്ലാ കോടതിയിൽ ജഡ്ജി അവധിയിലായതിനാലാണ് ചുമതല വഹിക്കുന്ന മാനന്തവാടി സ്‌പെഷ്യൽ കോടതി ജഡ്ജി സെയ്തതലവി മുമ്പാകെ പ്രതിയെ ഹാജരാക്കിയത്. വൻ പൊലീസ് സന്നാഹത്തിന്റെയും സ്‌പെഷ്യൽ കമാൻഡോകളുടെയും അകമ്പടിയോടെയാണ് രൂപേഷിനെ മാനന്തവാടി കോടതിയിൽ ഹാജരാക്കിയത്. കോടതിയും പരിസരവും ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും പരിശോധിച്ചിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങി കോടതിയിലെത്തുന്നതുവരെയും തിരിച്ചുപോകുമ്പോഴും രൂപേഷ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു.