പോത്തൻകോട്: ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായ മൺവിളയിലെ പ്ലാസ്റ്റിക് കമ്പനിയിൽ ഇന്നലെ രാവിലെ ഫോറൻസിക് വിദഗ്ദ്ധരും ഫയർ ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥരും ഫാക്ടറീസ് ആൻഡ് ബോയിലേർസ് ഇൻസ്പെക്ടറും തെളിവെടുപ്പ് നടത്തി. രണ്ടു ഗോഡൗണുകളും പരിശോധിച്ച ഫോറൻസിക് ഉദ്യോഗസ്ഥർ, ലാബ് റിപ്പോർട്ടുകൾക്കും സാങ്കേതിക പരിശോധനകൾക്കും ശേഷമേ ശരിക്കുള്ള കാരണം കണ്ടെത്താനാകൂ എന്ന് വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടിന് തെളിവ് ലഭിച്ചിട്ടില്ല. അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല. സ്ഫോടന ശേഷിയുള്ള വസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് ലാബ് പരിശോധനയ്ക്കു ശേഷമേ ഉറപ്പിക്കാനാവൂ എന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.

അളവിൽ കൂടുതൽ പോളിപ്രൊപൈൻ , പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

ഉത്പാദന സ്ഥലവും സംഭരണശാലയും തമ്മിൽ നിശ്ചിത അകലം പാലിക്കാത്തതും പ്രധാന അസംസ്‌കൃത വസ്തുവായ പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ശാസ്ത്രീയമായ സംഭരണം ഒരുക്കുന്നതിൽ ജാഗ്രത പുലർത്താത്തതും അപകടത്തോത് വർദ്ധിപ്പിച്ചെന്നാണ് പരിശോധനാ സംഘം വ്യക്തമാക്കിയത്. കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ റാഹില, ചീഫ് ഫോറൻസിക് ഓഫീസർ ദിവ്യപ്രഭ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തെളിവെടുപ്പിനെത്തിയത്. ഫയർഫോഴ്‌സ് ടെക്നിക്കൽ ഡയറക്ടർ ആർ.പ്രസാദ്, ഡി.എഫ്.ഒ അബ്ദുൾ റഷീദ്, ആർ.എഫ്.ഒ നൗഷാദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻപെക്ടർമാരായ മുനീർ, ബീന, ഡി.സി.പി ആർ. ആദിത്യ തുടങ്ങിയവരും തെളിവെടുപ്പിനായി എത്തിയിരുന്നു.

കെമിക്കൽ ഉപയോഗിച്ചുള്ള നിർമ്മാണം ഇല്ലെന്ന് ജനറൽ മാനേജർ

കെമിക്കൽ ഉപയോഗിച്ചുള്ള ഒരു ഉത്പാദനവും കമ്പനി നടത്തുന്നില്ലെന്ന് ജനറൽ മാനേജർ പി.കെ. ഓമനക്കുട്ടൻ പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപറേഷൻ , റിലയൻസ് തുടങ്ങിയ പെട്രോകെമിക്കൽ കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പ്രക്രിയയിൽ ഒരിടത്തും യാതൊരുവിധ ഇന്ധനവും ഉപയോഗിക്കുന്നില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഉപയോഗിക്കുന്നുണ്ട്. ഫൈവ് ആൻഡ് ടു പ്ലാസ്റ്റിക് പ്രൊഡക്ഷൻ സംവിധാനം അനുസരിച്ചുള്ള പ്ലാസ്റ്റിക് ഉത്പാദനമാണ് നടക്കുന്നത്. ഇലക്ട്രിക് ഹീറ്റിൽ പ്രവർത്തിക്കുന്ന മോൾഡിന്റെ ഇജക്ഷൻ ടെമ്പറേച്ചർ 56 ഡിഗ്രിക്കുള്ളിലാണ്. ഓട്ടോമാറ്റിക് കൂളിംഗ് ടവർ സംവിധാനവും നിലവിലുള്ളതിനാൽ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് തീ പടരാനുള്ള സാദ്ധ്യത കുറവാണെന്നും മാനേജർ പറഞ്ഞു.