epf

രാജ്യത്തെ തൊഴിൽ മേഖലകളിൽ 30, 40 വർഷക്കാലം പണിയെടുത്ത് പലവിധ മാരക രോഗങ്ങൾക്കും അടിമകളായി പടിയിറങ്ങുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒാട്ടക്കാശ് പെൻഷനും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ 1995 ലെ അപാകതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച് സമരിയാസ് കമ്മിഷന്റെ കാലാവധി 2019 ജനുവരിയിലേക്ക് 3-ാമതും മാറ്റി. ഇങ്ങനെയുണ്ടായ ദുരന്തസാഹചര്യത്തിൽ നിന്നും വൃദ്ധരായ പെൻഷൻകാരുടെ ജീവിതത്തിന്റെ കാലാവധി നീട്ടാൻ സർക്കാർ ഒരു സമിതിയെ നിയോഗിക്കണം.

2009 ലും 2013 ലും നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ടുകൾ ഇ.പി.എഫ് തള്ളിക്കളഞ്ഞു.ഇതിൽ പെൻഷൻകാർക്കും പല ആനുകൂല്യങ്ങളും നിർദ്ദേശിച്ചിരുന്നു. ഫണ്ട് കണക്കാക്കുന്നതിലെ പിഴവും ഫണ്ട് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു. മിനിമം പെൻഷൻ 3000 രൂപയാക്കുക,​ ജീവിത ചെലവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നൽകിവരുന്ന ക്ഷാമബത്ത കമ്മ്യൂട്ടേഷൻ പുന:സ്ഥാപിക്കുക, കേന്ദ്ര വിഹിതം 1.16 ൽനിന്നും 8.33 ശതമാനമായി വർദ്ധിപ്പിക്കുക എന്നിവയും ഉൾപ്പെടുത്തിയിരുന്നു.

കേന്ദ്ര തൊഴിൽമന്ത്രാലയവും ഇ.പി.എഫ് ഒയിലെ വെള്ളാനകളും ഗുണകരമായ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ തന്ത്രപൂർവം മുടന്തൻ ന്യായങ്ങൾ പറയുകയാണ്. ഇതിലൂടെ അവശരും അശരണരുമായ വൃദ്ധരായ പെൻഷൻ സമൂഹത്തെ കേന്ദ്ര സർക്കാർ തീർത്തും അവഗണിച്ചു.

2013 ൽ റിപ്പോർട്ടിൽ 3000 രൂപയാണ് നൽകിയിരുന്നത്. അഞ്ച് വർഷം കഴിഞ്ഞിട്ടും ഇത് നടപ്പിലായിട്ടില്ല. കേന്ദ്ര പെൻഷൻകാരുടെ കുറഞ്ഞ പെൻഷൻ 9000 രൂപയാണ്,​ വർഷത്തിൽ രണ്ട് ക്ഷാമബത്തയും. മുൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.പി.എഫ് പെൻഷൻകാർക്കും ഇതും ബാധകമാണ്

1971 മുതൽ റിട്ടയർ ചെയ്യുന്നത് വരെയുള്ള കാലയളവ് രണ്ടായി കൂടുന്ന രീതിക്ക് പകരം മൊത്തം എടുത്ത് നിശ്ചയിക്കുന്ന ഫോർമുലയിൽ പെൻഷനബിൾ സർവീസ് ആയി കണക്കിലെടുത്ത് പെൻഷൻ നിശ്ചയിക്കുകയാണ്.

പാർലമെന്റ് കമ്മിറ്റി 100 മാസം കമ്മ്യൂട്ടേഷൻ തുക പിടിച്ചുകഴിഞ്ഞാൽ അധികം പിടിച്ച തുക തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭിക്ഷാപത്രത്തിൽ കൈയിടുന്ന രീതി തുടരുന്നത് നിന്ദ്യവും നീചവുമാണ്,​

ദേശീയ മനുഷ്യാവകാശ കമ്മിഷൻ കെ.ആർ. 15025/1/2010/ss11 ജനുവരി 2011 ലെ കത്ത് പ്രകാരം നൽകിയ മറുപടിയിൽ കമ്മ്യൂട്ടേഷൻ അപാകതകൾ പരിഗണിക്കണമെന്ന് സ്ഥിതികരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 100 മാസം തുക തിരിച്ചടച്ചവർക്ക് അധികം പിടിച്ച തുകയുടെ 12 ശതമാനം പലിശ നൽകണം.

അവകാശികൾ ഇല്ലാതെ 75000 കോടി രൂപ പി.എഫിൽ ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഇൗ തുക പെൻഷൻകാർക്കുവേണ്ടി എന്തുകൊണ്ട് വിനിയോഗിക്കുന്നില്ല.

ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആർട്ടിക്കിൾ 300 എ പ്രകാരം പെൻഷൻ തൊഴിലാളികളുടെ അവകാശമാണ്.

പെൻഷൻകാർക്ക് ആഹാരത്തിനും മരുന്നിനും വേണ്ടി ന്യായമായ പെൻഷൻ ലഭിക്കണമെന്നാണ് ഒാരോ പെൻഷൻക്കാരന്റെയും പ്രാർത്ഥന.

പട്ടം എൻ. ശശിധരൻ,

നെട്ടയം, തിരുവനന്തപുരം.