clny

ആര്യനാട്: കോളനി നിർമ്മിച്ച് വർഷങ്ങളായിട്ടും പട്ടയമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ വലയുകയാണ് ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനി നിവാസികൾ. സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് ലക്ഷം വീട് പദ്ധതി പ്രകാരം ഇവിടെ വീടുകൾ നിർമ്മിത്. ഏഴ് പഞ്ചായത്തുകളിലെ ഭവന രഹിതരും ഭൂരഹിതരുമായവർക്ക് താമസിക്കാനായാണ് ഇവ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിലും പകുതിയിൽ താഴെ വീടുകളിലാണ് താമസക്കാരുള്ളത്. താമസ യോഗ്യമല്ലാത്ത വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രപേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കണ്ടറിയണം. ഓരോവീടിനും നാല് സെന്റ് വസ്തു, രണ്ട് മുറികൾ, വരാന്ത, കക്കൂസ് എന്നിവയുണ്ടായിരുന്നു. താമസത്തിനായി എത്തുന്നവർക്ക് തുശ്ചമായ മാസത്തവണ വ്യവസ്ഥയിൽ കരാറുണ്ടാക്കി വീടും വസ്തുവും നൽകി. വായ്പാത്തുക തിരിച്ചടച്ച് തീരുമ്പോൾ ഭൂമിയുടെ പട്ടയം ഉടമസ്ഥർക്ക്‌ കൈമാറുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 200 പേർ ഭവന നിർമ്മാണ ബോർഡുമായി കരാറുണ്ടാക്കി വീടും സ്ഥലവും ഏറ്റെടുത്തു. മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടെ താമസമാക്കിയവർക്ക് തൊഴിലവസരങ്ങൾ ഇല്ലാതായതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതായി. ഇതോടെ ഭൂരിഭാഗവും തൊഴിൽ അന്വേഷിച്ച് മറ്റിടങ്ങളിലേക്ക്‌ പോയി. പലരും കിട്ടിയ വിലയ്ക്ക്‌ വീടും സ്ഥലവും വെള്ളപേപ്പറിൽ എഴുതി നൽകിസ്ഥലം വിട്ടു. നിലവിലെ താമസക്കാരെ പുനരധിവസിപ്പിക്കാനും ബാക്കിയുള്ളസ്ഥലത്ത് തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയാൽ പ്രദേശവാസികളുടെ ദുരുതത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. ഇതിനായി അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. കാലാകാലങ്ങളിൽ വിവിധ കക്ഷി നേതാക്കൾ ഉടൻ പട്ടയം നൽകുമെന്ന വാഗ്ദാനങ്ങൾ നൽകുമെങ്കിലും എല്ലാം വാക്കാൽ ഒതുങ്ങുകയാണെന്നും കോളനിവാസികൾ പറയുന്നു.

പ്രധാന പരാതികൾ

ഇവിടത്തെ പൊതുകിണർ ഉപയോഗശൂന്യമായി. ചിലർക്ക്‌ സ്വന്തമായി കിണർ ഉണ്ടെങ്കിലും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിട്ടി കണക്ഷനാണ്. വർഷങ്ങൾക്ക് മുൻപ് കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറും ജലസംഭരണിയും ഇതിനായിസ്ഥാപിച്ച പമ്പ്ഹൗസുമെല്ലാം നശിച്ചു. കൈവശഭൂമിയിൽ ആർക്കും തന്നെ കരം തീരുവയില്ല. ഇതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ അനുവദിക്കുന്ന വീടുകൾക്കോ മറ്റ് ഫണ്ടുകൾക്കോ ഇവർ അർഹരല്ലാതായി. സർക്കാർ ധനസഹായമോബാങ്ക് വായ്പയോ നേടി വീടുകൾ പുതുക്കാനോ സ്വയം തൊഴിൽ വായ്പകൾ ലഭിക്കുന്നതിനോ ഇവർക്കാവില്ല. മിക്കവർക്കും എ.പി.എൽ.കാർഡുകളാണ് ലഭിച്ചിരിക്കുന്നത്.

''കോളനിയിലെ വീടുകളുടെ നവീകരണത്തിനായി ഭവന നിർമ്മാണ ബോർഡുമായി ആലോചിച്ച് അടിയന്തര നടപടിസ്വീകരിക്കണം.

ആർ.എസ്. ഹരി(ഫോർവേർഡ്ബ്ലോക്ക് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി) ഡി. സുവർണകുമാർ (ജില്ലാസെക്രട്ടേറിയറ്റംഗം)

നിർമ്മിച്ചത് 1980ൽ

പണിതത് 12 ഏക്കറിൽ

 ആകെ വീടുകൾ -200

ആൾതാമസം ഉള്ളത് - 85 വീടുകളിൽ