തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അടൽ പെൻഷൻ യോജനയിൽ കേരളത്തിൽ നിന്ന് 2.76 ലക്ഷം പേർ ചേർന്നു. ഇന്ത്യയൊട്ടാകെ 1.24 കോടി പേരാണ് പദ്ധതിയിൽ ചേർന്നത്. ഒക്ടോബർ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ നിന്ന് 2,76,115 പേർ പദ്ധതിയിൽ ചേർന്നു. ഇതിൽ 1,51,103 വനിതകളും 1,24,961 പുരുഷൻമാരുമാണ്. 2018- 19 സാമ്പത്തിക വർഷത്തിൽ 27 ലക്ഷത്തിൽക്കൂടുതൽ പുതിയ വരിക്കാരാണ് പദ്ധതിയിൽ ചേർന്നത്. ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും പദ്ധതിയിൽ ചേർന്നത്.
18നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും തങ്ങൾക്ക് സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്ക്, പോസ്റ്ര് ഓഫീസ് ശാഖകൾ വഴി അടൽ പെൻഷൻ പദ്ധതിയിൽ ചേരാം. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗമായ വരിക്കാരൻ നൽകുന്ന വിഹിതത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ 1000 രൂപയോ ഏതാണോ കുറവ് അത്രയും തുക സർക്കാരും നിക്ഷേപിക്കും. മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളൊന്നിലും ഭാഗമാകാത്തവർക്കും നിലവിൽ ആദായനികുതിയുടെ പരിധിയിൽ വരാത്തവരുടെയും വിഹിതമാണ് സർക്കാർ അടയ്ക്കുക. ഈ പദ്ധതിയിൽ ചേരുന്നവർക്ക് കുറഞ്ഞ പെൻഷനും സർക്കാർ ഉറപ്പു നൽകും. 60 വയസു കഴിഞ്ഞാൽ പെൻഷൻ ലഭിക്കും.