തിരുവനന്തപുരം: സമൂഹത്തെ നന്നാക്കുന്ന എന്തിനെയും സ്ഥാപിത താത്പര്യക്കാർ എതിർക്കുമെന്നും ശബരിമല പ്രശ്നത്തിലും അതാണ് സംഭവിക്കുന്നതെന്നും വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ദുരാചാരങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ്. എന്നാൽ ശരിയും നന്മയും വിജയിക്കുക തന്നെ ചെയ്യും. ഡോ. പി. പല്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയുടെ പേരിൽ ഒരു വിഭാഗം വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ഇത്തരം വിധികൾ കോടതിയിൽ നിന്ന് ഉണ്ടാകരുതെന്നാണ് കേന്ദ്ര ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ തന്നെ നിർദ്ദേശിക്കുന്നത്. 27 വർഷം പഴക്കമുള്ള കേസിലാണ് ഇപ്പോൾ കോടതിവിധി വന്നത്. ചിലർ ജാതി മത വേർതിരിവുകൾ സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും വി.എസ് പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ വി.എസിന് അവാർഡ് സമർപ്പിച്ചു. ഗോകുലം ഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കൗൺസിലർ ഡി. അനിൽകുമാർ, ഡോ. പി. ചന്ദ്രമോഹൻ, ഡോ. വി.കെ. ജയകുമാർ, കെ. സാംബശിവൻ തുടങ്ങിയവർ സംസാരിച്ചു. അമ്പലത്തറ ചന്ദ്രബാബു സ്വഗതവും പി.കെ. വിദ്യാധരൻ നന്ദിയും പറഞ്ഞു.
caption ഡോ. പി. പല്പു ഫൗണ്ടേഷൻ പേട്ട എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ഡോ. പി. പല്പു ജന്മവാർഷികാഘോഷ ചടങ്ങിൽ ഡോ. പി. പല്പു അവാർഡ് വി.എസ്. അച്യുതാനന്ദന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിക്കുന്നു. ഡോ. വി.കെ. ജയകുമാർ, ഡോ. പി. ചന്ദ്രമോഹൻ, ഗോകുലം ഗോപാലൻ, നെയ്യാറ്റിൻകര സനൽ, അമ്പലത്തറ ചന്ദ്രബാബു, ഡി. അനിൽകുമാർ, കെ. സാംബശിവൻ, പി.കെ. വിദ്യാധരൻ തുടങ്ങിയവർ സമീപം